കോഴിക്കോട്: അവസാന നിമിഷം കലാ മത്സര രംഗം കായികവേദിയായി. ആരു മുന്നിലെത്തുമെന്നുള്ള ഉത്കണ്ഠയുടെ ഫോട്ടോ ഫിനിഷിങ്ങില്‍ ഒപ്പം, ഒപ്പത്തിനൊപ്പം. രണ്ടുകൂട്ടര്‍ക്കും സ്വര്‍ണ്ണത്തിളക്കത്തിന്റെ ഒരേ മാറ്റ്. പാലക്കാടിനും കോഴിക്കോടിനും തുല്യം പോയിന്റ് 916.
സ്വന്തം തട്ടകത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം കോഴിക്കോട് തട്ടിയെടുത്ത സ്വര്‍ണ്ണക്കപ്പ് കോഴിക്കോടിന്റെ മണ്ണില്‍ നിന്നും തിരിച്ചു പിടിക്കാനുള്ള പാലക്കാടിന്റെ വാശിയടങ്ങി. ഒമ്പതാമതും കിരീടം ചൂടാനുള്ള കോഴിക്കോടിന്റെ കടുത്ത മോഹം പൂവണിഞ്ഞു.
അവസാന നിമിഷം വരെ സസ്‌പെന്‍സ് നീണ്ട കലാശപ്പോരാട്ടത്തില്‍ സമാപന വേദിയിലെ വലിയ സ്‌ക്രീനില്‍ പോയിന്റുകള്‍ മാറിമറിഞ്ഞു, കായിക ഇനങ്ങളുടെ കാര്യം പോലെ. ചേരി തിരിഞ്ഞുള്ള ആര്‍പ്പു വിളികള്‍ക്കൊടുവില്‍ പത്തരമാറ്റുള്ള നയന്‍ വണ്‍ സിക്‌സ് സ്വര്‍ണ്ണക്കപ്പിന് 916 പോയിന്റോടെ കോഴിക്കോടും പാലക്കാടും ജേതാക്കളായപ്പോള്‍ പിറന്നത് കലോത്സവ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തം.
കിരീടം നിലനിര്‍ത്താനായതില്‍ കോഴിക്കോടിനും മധുര പ്രതികാരത്തിന് പാലക്കാടിനും ആഹ്ലാദിക്കാം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് 55-ാമത് കലാകിരീടം പാലക്കാടും കോഴിക്കോടും പങ്കിട്ടത്. പ്രഖ്യാപനത്തിന് തൊട്ടു മുമ്പാണ് സസ്‌പെന്‍സിന് ഉച്ചസ്ഥായിലായത്. ഇരു ജില്ലകളും ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ മാറിമാറി വന്നു. ഹയര്‍ അപ്പീലുകളുടെ തള്ളിക്കയറ്റവും പ്രഖ്യാപനം വൈകിച്ചു. സമാപന സമ്മേളനത്തില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് സമ്മാന വിതരണം നടത്തി.
















