റിയൊ ഡി ജനീറൊ: ഒളിമ്പിക് ദീപം തെളിയാൻ മണിക്കൂറുകൾ മാത്രം. കായിക ലോകത്തിന്റെ മനമെല്ലാം റിയൊയിലേക്ക്. പ്രാദേശിക സമയം ഇന്നു രാത്രി എട്ടിന് പ്രധാന വേദിയായ മാരക്കാന സ്റ്റേഡിയത്തിൽ തിരിതെളിയുമ്പോൾ ലോകം ഒരേ മനസാകും, പുതിയ വേഗവും ദൂരവും താണ്ടിയെത്തുന്ന താരോദയങ്ങളെ സ്വീകരിക്കാൻ. ഭാരത സമയം ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് ഉദ്ഘാടനച്ചടങ്ങുകൾ.
ബീജിങ്ങും ലണ്ടനുമെല്ലാം കാഴ്ചവച്ച പണക്കൊഴുപ്പ് റിയൊയിലുണ്ടാകില്ലെങ്കിലും ചടങ്ങിനു പ്രൗഢി ഒട്ടുംകുറയില്ല. പ്രാദേശിക കലാരൂപങ്ങളും വെടിക്കെട്ടുമെല്ലാം ചടങ്ങിനു മിഴിവേകും. ഫുട്ബോൾ ഇതിഹാസം പെലെയാകും തിരിതെളിയിക്കുക. അക്ഷരമാല ക്രമത്തിൽ രാജ്യങ്ങൾ മാർച്ച് പാസ്റ്റിലും പങ്കെടുക്കും. ഷൂട്ടർ അഭിനവ് ബിന്ദ്രയാണ് ഇന്ത്യൻ പതാകയേന്തി സംഘത്തെ നയിക്കുക.
പ്രതിഷേധങ്ങൾ ആശങ്കയുയർത്തുന്നുവെങ്കിലും വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. ഒളിമ്പിക്സ് ഗ്രാമത്തിലെ പ്രശ്നങ്ങൾ ഏറെക്കുറെ അവസാനിച്ചു.
കായികതാരങ്ങൾക്കും സന്ദർശകർക്കും വഴികാട്ടിയാകാൻ വലിയൊരു സംഘം വളണ്ടയിർമാരെയും നിയോഗിച്ചു. ഔദ്യോഗികമായി മത്സരങ്ങൾ തുടങ്ങുക ചടങ്ങിനു ശേഷമെങ്കിലും പുരുഷ-വനിതാ വിഭാഗം ഫുട്ബോളിന്റെ ഗ്രൂപ്പ്ഘട്ടം തുടങ്ങി. അമ്പെയെത്തിൽ റാങ്കിങ് റൗണ്ട് ഇന്ത്യൻ സമയം ഇന്നു വൈകിട്ട് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: