റിയോ ഡി ജനീറോ: മിന്നുന്ന പ്രകടനത്തോടെ അമേരിക്കൻ വനിതാ താരം കാറ്റി ലെഡെക്കി നീന്തൽക്കുളത്തിൽ നിന്ന് മൂന്നാം സ്വർണ്ണം മുങ്ങിയെടുത്തു. ഒപ്പം ഒരു വെള്ളിയും. ഇതോടെ റിയോയിൽ മാത്രം നാല് മെഡലുകളായി ഈ 19 കാരിക്ക്. 400 മീറ്റർ ഫ്രീസ്റ്റൈലിൽ ലോക റെക്കോർഡോടെ സ്വർണ്ണം നേടിയ അമേരിക്കയുടെ കാറ്റി ലെഡെക്കി 200 മീറ്റർ ഫ്രീസ്റ്റൈലിലും ഇന്നലെ 4-200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും ഒന്നാമതെത്തിയാണ് ട്രിപ്പിൾ തികച്ചത്.
ഉജ്ജ്വല പ്രകടനമായിരുന്നു കാറ്റി ഇന്നലെ നടത്തിയത്. അവസാന ലാപ്പിന് കാറ്റി വെള്ളത്തിലേക്ക് കുതിക്കുമ്പോൾ മൂന്നാമതായിരുന്നു അമേരിക്ക. ഓസ്ട്രേലിയയും കാനഡയുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളിൽ. അമേരിക്കക്കാർ പോലും സ്വർണ്ണം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ കാറ്റി നീന്തൽക്കുളത്തിലേക്ക് ഡൈവ് ചെയ്ത് ഊളിയിട്ട് നീന്തിയതോടെ മത്സരത്തിന്റെ തിരക്കഥ തന്നെ മാറി. ആദ്യ നൂറ് മീറ്റർ പിന്നിടുന്നതിനു മുമ്പുതന്നെ കാറ്റിയിലൂടെ അമേരിക്ക ലീഡ് നേടുകയും ചെയ്തു. 200 മീറ്റർ വെറും 1:53:74 സെക്കൻഡുകൾ കൊണ്ടാണ് ലെഡെക്കി നീന്തിയെത്തിയത്. 1:54 സെക്കൻഡിനുള്ളിൽ 200 മീറ്റർ നീന്തൽ പൂർത്തിയാക്കുന്ന ആദ്യ നീന്തൽ താരമായി ഇതോടെ ലെഡെക്കി. അലിസൺ ഷ്മിറ്റ്, ലിയാ സ്മിത്ത്, മയാ ഡിറാഡോ, എന്നിവരാണ് ലെഡെക്കിക്കൊപ്പം റിലേയിൽ മത്സരിച്ചത്.
ഇനി ലെഡെക്കിക്ക് മത്സരിക്കാനുള്ളത് ഏറ്റവും പ്രിയപ്പെട്ട 800 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിലാണ്. അതിലും സ്വർണ്ണം നേടി നാല് സ്വർണ്ണം തികയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിലും ഈയിനത്തിൽ ലെഡെക്കിക്കായിരുന്നു 800 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: