റിയോ ഡി ജനീറോ: ഒളിമ്പിക്സിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങൾക്ക് കാതോർക്കുന്ന ട്രാക്ക് ആന്റ് ഫീൽഡ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യദിനം മൂന്ന് സ്വർണ്ണങ്ങളാണ് നിശ്ചയിക്കുക. വനിതകളുടെ 10,000 മീറ്ററിൽ ആദ്യ സ്വർണ്ണം തീരുമാനിക്കും. പുരുഷന്മാരുടെ 20 കി.മീറ്റർ നടത്തവും വനിതകളുടെ ഷോട്ട്പുട്ടുമാണ് ഇന്നത്തെ മറ്റ് ഫൈനലുകൾ. പുരുഷ-വനിതാ വിഭാഗങ്ങളിലായി ആകെ 47 സ്വർണ്ണമാണുള്ളത്.
ഏറ്റവും ഗ്ലാമർ ഇനമായ വനിതകളുടെയും പുരുഷന്മാരുടെയും 100 മീറ്റർ ഫൈനൽ ഞായറും തിങ്കളും നടക്കും. വനിതാ ഫൈനൽ ഞായറാഴ്ച രാവിലെ 7.07നും പുരുഷ ഫൈനൽ തിങ്കളാഴ്ച രാവിലെ 6.55നും. ജമൈക്കൻ താരവും ലോക റെക്കോർഡുകാരനും ഒളിമ്പിക്സിൽ ചരിത്രം കുറിക്കാനൊരുങ്ങുകയും ചെയ്യുന്ന ഉസൈൻ ബോൾട്ടാണ് ട്രാക്കിലെ സൂപ്പർതാരം. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും 100, 200, 4-100 മീറ്റർ റിലേയിൽ പൊന്നണിഞ്ഞ ബോൾട്ട് ഇത്തവണ ഈയിനങ്ങളിൽ ഹാട്രിക്ക് സ്വർണ്ണം ലക്ഷ്യമിട്ടാണ് റിയോയിലെത്തിയിട്ടുള്ളത്.
തന്റെ തന്നെ പേരിലുള്ള ലോകറെക്കോർഡ് ബോൾട്ട് ഇത്തവണ തകർക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബോൾട്ടിന് പുറമെ യോഹാൻ ബ്ലേക്ക്, നിക്കൽ ആഷ്മെയ്ഡ്, അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻ തുടങ്ങിയവരാണ് 100 മീറ്ററിലെ പ്രധാന ആകർഷണം. വനിതകളിൽ ഷെല്ലി ആൻ ഫ്രേസറാണ് സൂപ്പർതാരം. 100 മീറ്ററിൽ ഹാട്രിക്ക് സ്വർണ്ണമാണ് ഫ്രേസർ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: