മെല്‍ബണ്‍: തിലകരത്നെ ദില്‍ഷനും കുമാര്‍ സംഗക്കാരയും നിറഞ്ഞാടിയ കളിയില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ 92 റണ്‍സിന് ബംഗ്ലാദേശിനെയാണ് ലങ്കന്‍ സിംഹങ്ങള്‍ തകര്‍ത്തത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നേടിയത് 50 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സ്. ദില്ഷന്റെയും (161), സംഗക്കാരയുടെയും (105) അപരാജിത സെഞ്ചുറിയാണ് ലങ്കന്‍ പോരാളികള്‍ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 47 ഓവറില്‍ 240 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 53 റണ്‍സെടുത്ത സാബിര്‍ റഹ്മാനും 46 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സനും 36 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹ്മാനും മാത്രമാണ് ബംഗ്ലാ നിരയില്‍ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി സിംഹളര്‍ ഇന്നലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിറഞ്ഞാടുകയായിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരെ ദയനീയ പ്രകടനം നടത്തിയ ദില്‍ഷനും സംഗക്കാരയും തിരിമന്നെയുമായിരുന്നില്ല ഇന്നലെ ക്രീസില്‍. സ്കൂപ്പുകളും റിവേഴ്സ് സ്വീപ്പുകളുമൊക്കെയായി ലങ്കന്‍ പോരാളികള്‍ തകര്‍ത്തുകളിച്ചതോടെ ബംഗ്ലാ ബൗളര്‍മാര്‍ നിസ്സഹായരാകുന്നതാണ് കണ്ടത്. ലങ്കന്‍ ഇന്നിംഗ്സില്‍ ബംഗ്ലാദേശിന് ആഘോഷിക്കാന്‍ ലഭിച്ച ഏക അവസരം തിരിമന്നെയുടെ വിക്കറ്റ് മാത്രമായിരുന്നു. 78 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത തിരിമന്നയെ റൂബല്‍ ഹൊസൈന്റെ പന്തില്‍ ടസ്കിന് അഹമ്മദ് പിടികൂടി.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിറഞ്ഞ ശ്രീലങ്കന്‍ ആരാധകര്‍ക്ക് ഉജ്ജ്വലമായ ക്രിക്കറ്റാണ് ദില്‍ഷനും സംഗക്കാരയും ചേര്‍ന്ന് സമ്മാനിച്ചത്. തിലകരത്നെ ദില്ഷന് 146 പന്തില്‍ 22 ബൗണ്ടറികളുടെ സഹായത്തോടെ 161 റണ്‍സും കുമാര്‍ സംഗക്കാര 76 പന്തില്‍ 13 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 105 റണ്‍സുമെടുത്ത് പുറത്താകായെത നിന്നു. കരിയറില്‍ ദില്‍ഷന്റെ 21-ാമത്തെയും സംഗക്കാരയുടെ 22-ാമത്തെയും സെഞ്ചുറിയായിരുന്നു ഇത്. കരിയറിലെ 400-ാം ഏകദിനത്തിലാണ് സംഗക്കാര ഇന്നലെ പാഡ്കെട്ടിയത്. ഇതോടെ 400 ഏകദിന മത്സരങ്ങള്‍ കളിക്കുന്ന നാലാമത്തെ താരമായി സംഗക്കാര മാറി. സച്ചിന് ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, മഹേല ജയവര്‍ധനെ എന്നിവരാണ് മറ്റുള്ളവര്‍.
ദില്‍ഷന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറുമാണ് ഇത്. മാത്രമല്ല ലോകകപ്പില്‍ ഒരു ശ്രീലങ്കന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറുമായി ഇത്. 1996-ല്‍ കെനിയയ്ക്കെതിരെ അരവിന്ദ ഡിസില്‍വ നേടിയ 145 റണ്‍സിന്റെ റെക്കോര്‍ഡാണ് ദില്ഷന് ഇന്നലെ മറികടന്നത്. മാത്രമല്ല ലോകകപ്പിന്റെ ചരിത്രത്തില്‍ ദില്‍ഷന്റെ മൂന്നാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. സനത് ജയസൂര്യക്കൊപ്പം ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ലങ്കന്‍ ഓപ്പണറെന്ന ബഹുമതിയും ദില്ഷന് അര്‍ഹനായി.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന ബഹുമതി സനത് ജയസൂര്യക്കൊപ്പമാണ്ശ്രീലങ്കന്‍ ഓപ്പണര്‍ എന്ന നേട്ടം സനത് ജയസൂര്യയ്ക്കൊപ്പം പങ്കിടുന്നു.úരണ്ടാം വിക്കറ്റില്‍ ദില്‍ഷനും സംഗക്കാരയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 210 റണ്‍സ് ഈ വിക്കറ്റിലെ ശ്രീലങ്കയുടെ ഉയര്‍ന്ന സ്കോറാണ്. 2012ല്‍ ഇവര്‍ തന്നെ കുറിച്ച 200 റണ്‍ കൂട്ടുകെട്ടിന്റെ റെക്കോഡാണ് പഴങ്കഥയായത്.
തുടര്‍ന്ന് 332 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ബംഗ്ലാദേശിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡ് തുറക്കും മുന്നേ ഓപ്പണര്‍ തമിം ഇഖ്ബാലിനെ മലിംഗ ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റില്‍ അനമുള്‍ ഹഖും സൗമ്യ സര്‍കാറും ചേര്‍ന്ന് 40 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും 15 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത സൗമ്യ സര്‍കാറിനെ ആഞ്ചലോ മാത്യൂസ് സംഗക്കാരയുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ ഒരു റണ്‍സെടുത്ത മൊനിമുള്‍ ഹഖിനെ ലക്മലും മടക്കിയതോടെ ബംഗ്ലാദേശ് മൂന്നിന് 41 എന്ന നിലയിലായി. പിന്നീട് അനമുള്‍ ഹഖും മഹ്മദുള്ളയും ചേര്‍ന്ന് സ്കോര്‍ 84-ല്‍ എത്തിച്ചു. എന്നാല്‍ 29 റണ്‍സെടുത്ത അനമുള്‍ ഹഖിനെ മാത്യൂസ് റണ്ണൗട്ടാക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. സ്കോര്‍ 100-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും ബംഗ്ലാദേശിന് നഷ്ടമായി.
28 റണ്‍സെടുത്ത മഹ്മദുള്ളയെ തീസര പെരേര ഹെറാത്തിന്റെ കൈകളിലെത്തിച്ചു. ആറാം വിക്കറ്റിലാണ് ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. ഷാക്കിബ് അല്‍ ഹസനും (46) മുഷ്ഫിഖര്‍ റഹ്മാനും ചേര്‍ന്ന് 64 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഷക്കിബിനെ ദില്‍ഷന്റെ പന്തില്‍ മലിംഗ പിടികൂടിയതോടെ ബംഗ്ലാദേശ് വീണ്ടും പ്രതിരോധത്തിലായി. പിന്നീട് മുഷ്ഫിഖര്‍ റഹ്മാനും സാബിര്‍ റഹ്മാനും ചേര്‍ന്ന് സ്കോര്‍ 200 കടത്തി. എന്നാല്‍ സ്കോര്‍ 208-ല്‍ നില്‍ക്കേ 46 റണ്‍സെടുത്ത മുഷ്ഫിഖറിനെ ലക്മല്‍ ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ 7 റണ്‍സെടുത്ത് ദില്‍ഷന്റെ പന്തില്‍ സംഗക്കാരക്ക് ക്യാച്ച് നല്കി മടങ്ങിയതോടെ ബംഗ്ലാദേശ് 8ന് 228 എന്ന നിലയിലായി.
ഒമ്പതാമനായി ബംഗ്ലാദേശ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ സാബിര്‍ റഹ്മാനും (62 പന്തില്‍ 53) മടങ്ങിയതോടെ ലങ്ക വിജയം ഉറപ്പിക്കുകയും ചെയ്തു. സ്കോര്‍ 9ന് 240. ഇതേ സ്കോറില്‍ തസ്കിന് അഹമ്മദിനെ (0) മലിംഗ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തതോടെ ശ്രീലങ്കക്ക് 92 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാകുകയും ചെയ്തു. ലങ്കക്ക് വേണ്ടി മലിംഗ മൂന്നും ലക്മല്‍, ദില്ഷന് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: