മുംബൈ: തമിഴ്നാടിനെ ഇന്നിംഗ്സിനും 217 റണ്‍സിനും തകര്‍ത്ത് കര്‍ണാടക രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 629 റണ്‍സ് വേണ്ടിയുരുന്ന തമിഴ്നാടിനെ രണ്ടാം ഇന്നിംഗ്സില്‍ 411 റണ്‍സിന് പുറത്താക്കിയാണ് കര്‍ണാടകം തുടര്‍ച്ചയായ രണ്ടാം തവണയും രഞ്ജി കിരീടത്തില്‍ മുത്തമിട്ടത്.
സ്കോര്‍ ചുരുക്കത്തില്‍: തമിഴ്നാട് 134, 411. കര്‍ണാടക 762. കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്സില്‍ 328 റണ്‍സ് നേടിയ മലയാളി താരം കരുണ്‍ നായരാണ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്.രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ 14-ാം തവണ ഫൈനലില്‍ കളിച്ച കര്‍ണാടകയുടെ എട്ടാം കിരീടമാണ് ഇത്തവണത്തേത്.
കളിയുടെ അവസാന ദിവസമായ ഇന്നലെ 113ന് മൂന്ന് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച തമിഴ്നാടിന് വേണ്ടി ദിനേശ് കാര്‍ത്തികും (120), വിജയ് ശങ്കറും (103) സെഞ്ചുറി നേടിയെങ്കിലും ഇന്നിംഗ്സ് പരാജയത്തില്‍ നിന്ന് ടീമിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് പുറമെ 68 റണ്‍സ് നേടിയ ബാബാ അപരാജിത്ത് മാത്രമാണ് മികച്ച പ്രകടനം നടത്തിയത്.
തമിഴ്നാടിന്റെ മലയാളി താരം പ്രശാന്ത് പരമേശ്വരന് പരിക്കിനെ തുടര്‍ന്ന് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതുമില്ല. നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രീനാഥ് അരവിന്ദും ക്യാപ്റ്റന്‍ വിനയ്കുമാറും ചേര്‍ന്നാണ് തമിഴ്നാടിനെ തകര്‍ത്തത്.
വിനയ്കുമാര്‍ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുകയും കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടുകയും ചെയ്തിരുന്നു. രഞ്ജി ഫൈനലിന്റെ ചരിത്രത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുകയും സെഞ്ചുറി നേടുകയും ചെയ്ത ആദ്യ ക്യാപ്റ്റനാണ് വിനയ്കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: