ഓക്ലന്‍ഡ്: ലോകകപ്പ് പൂള് ബിയില്‍ ഇന്ത്യക്ക് ആറാം വിജയം. ഇന്നലെ സിംബാബ്വെയയാണ് ടീം ഇന്ത്യ ആറാം മത്സരത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 48.5 ഓവറില്‍ 287ന് ഓള് ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ 48.4 ഓവറില്‍ നാല് വിക്കറ്റിന് 288 റണ്‍സെടുത്ത് വിജയം കണ്ടു.
ആദ്യം സിംബാബ്വെക്ക് വേണ്ടി അവസാന മത്സരത്തിനിറങ്ങിയ ബ്രണ്ടന്‍ ടെയ്ലറുടെ കിടയറ്റ സെഞ്ചുറിയും (138) സീന്‍ വില്ല്യംസിന്റെ (50) അര്‍ദ്ധസെഞ്ചുറിയുമാണ് അവരെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യക്ക് വേണ്ടി സുരേഷ് റെയ്നയുടെയും (110 നോട്ടൗട്ട്) ധോണിയുടെയും (85 നോട്ടൗട്ട്) വീരോചിത ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
സെഞ്ചുറി നേടിയ സുരേഷ് റെയ്നയാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്നലെ സിംബാബ്വെയുടെ മൂന്ന് വിക്കറ്റുകള്‍ പിഴുതതോടെ മുഹമ്മദ് ഷാമി ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കളിച്ച അഞ്ച് കളിയില്‍ നിന്ന് 15 വിക്കറ്റുകളാണ് ഷാമിയുടെ സമ്പാദ്യം. 5 കളികളില്‍ നിന്ന് 16 വിക്കറ്റുകള്‍ വീഴ്ത്തിയ ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാമത്.
ഇന്നലെ ടോസ് നേടിയ ഇന്ത്യന്‍ നായകന് ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ച് പന്തെറിഞ്ഞ ഫാസ്റ്റ് ബൗളര്‍മാര്‍ തുടക്കത്തിലേ വിക്കറ്റുകള്‍ വീഴ്ത്തി സിംബാബ്വെയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. സ്കോര്‍ബോര്‍ഡില്‍ 33 റണ്‍സായപ്പോഴേക്കും മൂന്ന് മുന്‍നിര ബാറ്റ്സ്മാന്മാരെയും അവര്‍ക്ക് നഷ്ടമായി. രണ്ട് റണ്‍സെടുത്ത മസാകഡ്സയെ ഉമേഷ് യാദവ് ധോണിയുടെ കൈകളിലും7 റണ്‍സെടുത്ത ചിബാബയെ ഷാമി ധവാന്റെ കൈകളിലും എത്തിച്ചപ്പോള്‍ 9 റണ്‍സെടുത്ത മിറെയെ മോഹിത് ശര്‍മ്മ ധോണിയുടെ കൈകളിലെത്തിച്ചു.
എന്നാല്‍ നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്ലറും സീന്‍ വില്ല്യംസും ഒത്തുചേര്‍ന്നതോടെ അവര്‍ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ഇരുവരും ചേര്‍ന്ന് 24.5 ഓവറില്‍ സ്കോര്‍ 100 കടത്തി. സ്കോര്‍ 126-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ചുറി നേടിയ സീന്‍ വില്ല്യംസിനെ അശ്വിന് സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 57 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറും അടങ്ങിയതായിരുന്നു വില്ല്യംസിന്റെ ഇന്നിംഗ്സ്. ഇതിനുശേഷമാണ് ബ്രണ്ടന്‍ ടെയ്ലര് മികച്ച സ്ട്രോക്കുകളുമായി കളംനിറഞ്ഞത്.
39-ാം ഓവറില്‍ മൂന്നാം പന്തില്‍ മുഹമ്മദ് ഷാമിയെ തേര്ഡ്മാന് മുകളിലൂടെ സിക്സറിന് പറത്തിയാണ് ടെയ്ലര് ശതകം തികച്ചത്. 99 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്സറുമടക്കമായിരുന്നു സെഞ്ചുറിയിലെത്തിയത്. ഒരു ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന ബഹുമതിയും ഇതോടെ ബ്രണ്ടന്‍ ടെയ്ലര് ഇന്നലെ സ്വന്തമാക്കി. ഇതേ ഓവറിലെ അവസാനപന്തും ടെയ്ലര് സിക്സറിന് പറത്തിയതോടെ സിംബാബ്വെ സ്കോര്‍ 200ലെത്തുകയും ചെയ്തു. 41-ാം ഓവര്‍ എറിഞ്ഞ രവീന്ദ്ര ജഡേജയാണ് ടെയ്ലറുടെ ബാറ്റിന്റെ ചൂട് ശരിക്കറിഞ്ഞത്.
ഈ ഓവറിലെ ആദ്യ പന്തില്‍ സിംഗിളെടുത്ത് ഇര്വിന് ടെയ്ലര്‍ക്ക് സ്ട്രൈക്ക് കൈമാറി. രണ്ടും മൂന്നും പന്തുകള്‍ സ്ക്വയര്‍ ലെഗിലൂടെയും ലോങ്ഓണിലൂടെയും ടെയ്ലര് ബൗണ്ടറിയിലേക്ക് പായിച്ചു. ഇതോടെ ഒരു ലോകകപ്പില്‍ 400 റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ടെയ്ലര് സ്വന്തമാക്കി. നാലാം പന്ത് ലോങ്ഓഫിലൂടെ സിക്സറിന് പറത്തി. അഞ്ചാം പന്ത് ഫൈന്‍ലെഗ് ബൗണ്ടറിയിലേക്കും അവസാന പന്ത് ലോങ്ഓണിലൂടെ അതിര്‍ത്തിക്ക് പുറത്തേക്കും പറത്തി. 25 റണ്‍സാണ് ഈ ഓവറില്‍ ജഡേജ വഴങ്ങിയത്.
തൊട്ടടുത്ത ഓവറില്‍ മോഹിത് ശര്‍മ്മ ടെയ്ലറെ മടക്കിയതോടെ ടീം ഇന്ത്യക്ക് ആശ്വാസമായത്. അഞ്ചാം വിക്കറ്റില്‍ 109 റണ്‍സാണ് ഇര്‍വിനും ടെയ്ലറും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. പിന്നീട് സ്കോര്‍ 241-ല്‍ എത്തിയപ്പോള്‍ 27 റണ്‍സെടുത്ത ഇര്‍വിനെ മോഹിത് ശര്‍മ്മ സ്വന്തം പന്തില്‍ പിടികൂടി. പിന്നീട് സിക്കന്ദര്‍ റാസയും ചകാബ്വയും ചേര്‍ന്ന് സ്കോര്‍ 276-ല്‍ എത്തിച്ചു. എന്നാല്‍ 15 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത റാസയെ ഷാമി ബൗള്‍ഡാക്കി.
പിന്നീട് 11 റണ്‍സും കൂടിയേ കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ക്കായുള്ളൂ. ഇതോടെ തുടര്‍ച്ചയായ ആറാം മത്സരത്തിലും എതിരാളികളെ എല്ലാവരെയും പുറത്താക്കാനും ടീം ഇന്ത്യക്ക് കഴിഞ്ഞു. ഷാമിക്ക് പുറമെ ഉമേഷ് യാദവും മോഹിത് ശര്‍മ്മയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 21 റണ്‍സായപ്പോഴേക്കും ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും (16), ശിഖര്‍ ധവാനും (4) കൂടാരം കയറി. പന്‍യാന്‍ഗരയാണ് ഇരുവരെയും മടക്കിയത്. മൂന്നാം വിക്കറ്റില്‍ കോഹ്ലിയും രഹാനെയും ചേര്‍ന്നതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ജീവന് വച്ചുവെങ്കിലും ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 71-ല്‍ എത്തിയപ്പോള്‍ ഇല്ലാത്ത റണ്ണിനോടാന്‍ ശ്രമിച്ച രഹാനെ (19) റണ്ണൗട്ടായി.
അധികം കഴിയും മുന്നേ 38 റണ്‍സെടുത്ത വിരാട് കോഹ്ലിയെ സിക്കന്ദര്‍ റാസ ബൗള്‍ഡാക്കുകയും ചെയ്തതോടെ ഇന്ത്യ 4ന് 92 എന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ സിംബാബ്വെ ബൗളര്‍മാരുടെ ആഹ്ലാദം അവിടെ തീരുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ സുരേഷ് റെയ്നയും ക്യാപ്റ്റന്‍ ധോണിയും ഒത്തുചേര്‍ന്നതോടെ ഇന്ത്യ വീണ്ടും കളിയില്‍ പിടിമുറുക്കി. തുടക്കത്തില്‍ മെല്ലെയാണ് ഇരുവരും സ്കോര്‍ ഉയര്‍ത്തിയതെങ്കിലും നിലയുറപ്പിച്ചതോടെ മികച്ച സ്ട്രോക്കുകളുമായി ഇവര്‍ കളംനിറഞ്ഞു.
26 ഓവറില്‍ 196 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ഉണ്ടാക്കിയത്. ലോകകപ്പില്‍ സ്കോര്‍ പിന്തുടരുമ്പോഴുള്ള ഇന്ത്യയുടെ മികച്ച കൂട്ടുകെട്ടാണ് റെയ്ന-ധോണി സഖ്യം ഇന്നലെ സ്വന്തമാക്കിയത്. കഴിഞ്ഞ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ധവാനും രോഹിതും ചേര്‍ന്നെടുത്ത 174 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ മെച്ചപ്പെടുത്തിയത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ മികച്ച കൂട്ടുകെട്ടും ഇതുതന്നെയാണ്.
റെയ്ന 104 പന്തുകളില്‍ നിന്ന് 9 ഫോറും നാല് സിക്സറുമടക്കം 110 റണ്‍സെടുത്തും ധോണി 76 പന്തുകളില്‍ നിന്ന് 8 ഫോറും രണ്ട് സിക്സറുമടക്കം 85 റണ്‍സ് നേടിയും പുറത്താകാതെ നിന്നു. റെയ്നയുടെ ലോകകപ്പിലെ ആദ്യ സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. പന്‍യാന്‍ഗര എറിഞ്ഞ 48-ാം ഓവറിലെ നാലാം പന്ത് ബാക്വേര്‍ഡ് സ്ക്വയറിന് മുകളിലൂടെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തി ധോണി വിജയറണ്‍ നേടുകയും ചെയ്തു.
സ്കോര്‍ബോര്‍ഡ്
സിംബാബ്വെ ഇന്നിംഗ്സ്
ചിബാബ സി ധവാന് ബി മുഹമ്മദ് ഷാമി 7, മസാകഡ്സ സി ധോണി ബി ഉമേഷ് യാദവ് 2, മിറെ സി ധോണി ബി മോഹിത് ശര്‍മ്മ 9, ബ്രണ്ടന്‍ ടെയ്ലര് സി ധവാന് ബി മോഹിത് 138, സീന്‍ വില്ല്യംസ് സി & ബി അശ്വിന് 50, ഇര്വിന് സി & ബി മോഹിത് ശര്‍മ്മ 27, സിക്കന്ദര്‍ റാസ ബി മുഹമ്മദ് ഷാമി 28, ചകാബ്വ സി രോഹിത് ശര്‍മ്മ ബി ഉമേഷ് യാദവ് 10, പന്‍യാന്‍ഗര സി ഉമേഷ് ബി മുഹമ്മദ് ഷാമി 6, മുപാരിവ നോട്ടൗട്ട് 1, ചതാര ബി ഉമേഷ് യാദവ് 0, എക്സ്ട്രാസ് 9, ആകെ 48.5 ഓവറില്‍ 287.
വിക്കറ്റ് വീഴ്ച: 1-11, 2-13, 3-33, 4-126, 5-235, 6-241, 7-276, 8-285, 9-286, 10-287.
ബൗളിങ്: മുഹമ്മദ് ഷാമി 9-2-48-3, ഉമേഷ് യാദവ് 9.5 1-43-3, മോഹിത് ശര്‍മ്മ 10-1-48-3, അശ്വിന് 10-0-75-1, രവീന്ദ്ര ജഡേജ 10-0-71-0.
ഇന്ത്യ ഇന്നിംഗ്സ്
രോഹിത്ശര്‍മ്മ സി സിക്കന്ദര്‍ റാസ ബി പന്‍യാന്‍ഗര 16, ശിഖര്‍ ധവാന് പി പന്‍യാന്‍ഗര 4, വിരാട് കോഹ്ലി ബി സിക്കന്ദര്‍ റാസ 38, അജിന്‍ക്യ രഹാനെ റണ്ണൗട്ട് (സിക്കന്ദര്‍ റാസ/ടെയ്ലര്) 19, സുരേഷ് റെയ്ന നോട്ടൗട്ട് 110, ധോണി നോട്ടൗട്ട് 85, എക്സ്ട്രാസ് 16, ആകെ 48.4 ഓവറില്‍ നാല് വിക്കറ്റിന് 288.
വിക്കറ്റ് വീഴ്ച: 1-21, 2-21, 3-71, 4-92.
ബൗളിങ്: പന്‍യാന്‍ഗര 8.4-1-53-2, ചതാര 10-1-59-0, മുപാരിവ 10-0-61-0, മിറെ 5-0-29-0, വില്ല്യംസ് 5-0-31-0, സിക്കന്ദര്‍ റാസ 8-0-37-1, മസാകഡ്സ 2-0-15-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: