തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനം തീയറ്ററുകളെല്ലാം നിറഞ്ഞു കവിഞ്ഞു. എല്ലാ തീയറ്ററുകളിലും സീറ്റുകിട്ടാതെ ചലച്ചിത്ര പ്രേമികള്‍ നിരാശരായി നില്ക്കുന്ന കാഴ്ച കാണാമായിരുന്നു. രണ്ടാം ദിനത്തിലേക്കു കടന്നപ്പോള്‍ തന്നെ ചലച്ചിത്രാസ്വാദകരുടെ മേളയായി ഇത് മാറി.
വിദേശത്തു നിന്നെത്തിയ ചലച്ചിത്ര പ്രവര്‍ത്തകരെ അദ്ഭുതപ്പെടുത്തിയ കാഴ്ചകളായിരുന്നു ഓരോ തീയറ്ററുകളുടെയും മുന്നില്‍. സിനിമകാണാന്‍ മണിക്കൂറുകളോളം ആയിരക്കണക്കിന് ഡെലിഗേറ്റുകള്‍ ക്യൂ നിന്നു. ഭക്ഷണവും വെള്ളവും വരെ ഉപേക്ഷിച്ച് സിനിമയെ മാത്രം ധ്യാനിച്ചു നിന്നവര്‍.
രണ്ടാം ദിവസത്തെ പ്രദര്‍ശനത്തില്‍ പ്രേക്ഷക പ്രീതിനേടിയത് ഇന്‍ ദി ലാസ്റ്റ് ഡേ ഓഫ് ദ സിറ്റി, ക്ലാഷ്, സിങ്ക് എന്നീ സിനിമകളാണ്. യുഎഇ, ഈജിപ്ത്, ജെര്‍മ്മനി സംയുക്ത സംരംഭമായ ദി ലാസ്റ്റ് ഡേ ഓഫ് ദ സിറ്റി താമര്‍ എല്‍ സെയ്ദ് സംവിധാനം ചെയ്ത ചിത്രമാണ്. ചലച്ചിത്രോത്സവത്തിലെ മൈഗ്രേഷന്‍ പാക്കേജില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം കെയ്റോ നഗരത്തെ കുറിച്ച് സിനിമയെടുക്കാനായി ഒരാള്‍ നടത്തുന്ന ശ്രമങ്ങളെയാണ് പ്രതിപാദിക്കുന്നത്. ബാഗ്ദാദിന്റെയും കെയ്റോയുടെയും ബര്ളിന്റെയുമെല്ലാം രാഷ്ട്രീയ കാലാവസ്ഥയിലാണ് സിനിമ വളരുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാരെയും കൊണ്ട് ഈജിപ്തിലെ സംഘര്‍ഷ ഭൂമിയിലൂടെ യാത്രയാകുന്ന ട്രക്കിലുള്ളവരുടെ മനോവ്യാപാരമാണ് ക്ലാഷ് എന്ന എന്ന അറബിക് ചിത്രത്തിന്റെ കഥ. മനോഹരമായ ചിത്രീകരണമാണ് ക്ലാഷിനെ വ്യത്യസ്തമാക്കുന്നത്. ജോര്‍ദ്ദാന്‍ കുടുംബത്തിന്റെ വീട്ടില്‍ ജോലിക്കു നില്ക്കുന്ന മൊസാമ്പിക്ക് സ്വദേശിയായ യുവതിയാണ് സിങ്ക് എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രം. പ്രതികാരത്തിനും ദുഃഖത്തിനും നഷ്ടങ്ങള്ക്കുമൊക്കെ അതീതമാണ് മനുഷ്യത്വം എന്ന് വിളിച്ചറിയിക്കുന്നതാണ് ഈ ചിത്രം. തീര്‍ത്തും വ്യത്യസ്തങ്ങളായ പശ്ചാത്തലത്തില്‍ ജീവിക്കുന്ന മൂന്നുപേര്‍ ഒരു കൂരയ്ക്കു കീഴില്‍ ഒന്നിക്കുമ്പോള്‍ കഥ സംഭവബഹുലവും മനസ്സിനെ പിടിച്ചിരുത്തുന്നതുമാകുന്നു.
ജാപ്പനീസ് ചിത്രം ആഫ്റ്റര്‍ ദി സ്റ്റോം, ഇറാനിയന്‍ സിനിമ ഡോട്ടര്‍, ഖസാക്കിസ്ഥാന്‍ സിനിമ കെലിന്, ബെല്‍ജിയം സിനിമ ഏഞ്ചല്‍ എന്നിവുയും രണ്ടാം ദിനത്തില്‍ ചലച്ചിത്രമേളയെ സമ്പന്നമാക്കിയ സിനിമകളാണ്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്കൃതമായ സിനിമയാണ് ഡോട്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: