വാണിജ്യ വിജയം ഒരു സിനിമയുടെ അളവുകോലാകുന്ന സാഹചര്യമാണ് 100 കോടി ക്ലബുകള്‍ സൃഷ്ടിക്കുന്നതെന്ന് നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍. രാജ്യാന്തര ചലച്ചിത്രമേളയുടെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനോദം എന്ന ഘടകത്തിന് അതിപ്രാധാന്യം നല്കുന്ന വാണിജ്യ സിനിമയുടെ വക്താക്കള്‍ ചിന്തിക്കാനും ചോദ്യം ചോദിക്കാനും അസ്വസ്ഥരാകാനുമുള്ള പ്രേക്ഷകരുടെ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നില്ല. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിലും ഓര്‍മ്മിക്കപ്പെട്ടത് ഷോലെ, ദില്‍വാല ദുല്‍ഹനിയ ലേ ജായേംഗേ പോലുള്ള വാണിജ്യ വിജയങ്ങളാണ്. ഗരം ഹവാ, മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാക്കിയ ചെമ്മീന്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകള്‍, ഗിരീഷ് കാസറവള്ളിയുടെ സിനിമകള്‍ എന്നിവ ഇത്തരം ആഘോഷങ്ങളുടെ ഭാഗമാകാതെ പോകുന്നുവെന്നും അമോല്‍പലേക്കര്‍ പറഞ്ഞു.
‘ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് വേഗവും അസഹിഷ്ണുതയും. വേഗത കൂടുന്തോറും മനുഷ്യരുടെ ഇടയില്‍ അസഹിഷ്ണുതയും വര്‍ദ്ധിക്കുന്നു,’ രാജ്യത്തില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുത സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമോല്‍ പലേക്കര്‍.
ചിത്രകലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്. താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ദക്ഷിണേന്ത്യയിലും വൈകാതെ സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തുമ്പീ വാ തുമ്പക്കുടത്തില്‍’ എന്ന മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഗാനരംഗത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. യേശുദാസിനെയും ഇളയരാജയേയും പോലുള്ള പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ടെന്നും നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1967 ല്‍ ചിത്രകാരനായി കലാജീവിതം ആരംഭിച്ച അമോല്‍ പലേക്കര്‍ നാടകരംഗത്തും സിനിമാ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1981 ല്‍ ആക്രെയ്റ്റ് എന്ന മറാത്തി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അമോല്‍ പലേക്കറിന്റെ ‘പഹേലി’ 2006 ല്‍ ഓസ്കര് അവാര്‍ഡ്സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഏക ചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: