കമ്യൂണിസം ഭ്രഷ്ട് കല്പിച്ച കലാകാരന്റെ കഥപറഞ്ഞ പോളണ്ട് സംവിധായകന് ആന്ദ്രേ വൈദയുടെ ‘ആഫ്റ്റര്‍ ഇമേജ്’ ആയിരുന്നു മേളയിലെ ആകര്‍ഷണീയ ചിത്രം. അറബിക് ചിത്രം ‘ക്ലാഷ്’, ഇംഗ്ലീഷ് ചിത്രമായ ‘കര്‍സ്ഡ് ഒണ്‍’ പേര്‍ഷ്യന്‍ ചിത്രമായ ‘വെയര്‍ ആര് മൈ ഷൂസ്’ഉം മേളയിലെ ആദ്യ മലയാള വനിതാ സംവിധായക വിധു വിന്‍സന്റിന്റെ ‘മാനഹോളും’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. തീയേറ്ററുകള്‍ നിറഞ്ഞ് കവിഞ്ഞ് പ്രേക്ഷകര്‍ പുറത്തേക്ക് ഒഴുകുന്ന കാഴ്ചകളായിരുന്നു മേളയിലുടനീളം.
1945ല്‍ സോവിയസ്റ്റ് കമ്മ്യൂണിസ്റ്റ് സ്വേച്ഛാദിപതി സ്റ്റാന്ലിന് അധികാരത്തില്‍ വരുന്ന കാലഘട്ടമാണ് ആഫ്റ്റര്‍ ഇമേജ് വരച്ച് കാട്ടുന്നത്. ഒന്നാം ലോകമഹായുദ്ധത്തില്‍ ഒരു കൈയും കാലും നഷ്ടമായ വ്ളാഡിസോവ് സ്ട്രെസിമിന്സ്കി എന്ന ചിത്ര കലാകാരന് അവന്റെ സര്‍ഗ്ഗ ചേതനകള് ആവിഷ്കരിക്കുന്നതിന് ഭ്രഷ്ട് കല്പിക്കുന്ന ഭരണകൂട ഭീകരതയുടെ നേര് സാക്ഷ്യമായിരുന്നു ചിത്രത്തിലൂടെ ആവിഷ്കരിച്ചത്.
രാജ്യതാത്പര്യത്തിനായി എന്ന വ്യാഖ്യാനത്തില്‍ അടിച്ചേല്‍പ്പിക്കുന്ന കമ്യൂണിസ്റ്റ് തീരുമാനങ്ങളില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി എന്ന ഒറ്റ കാരണം കൊണ്ട് വ്ളാഡിസോവ് സ്ട്രെസിമിന്സ്കി ഭരണകൂടുത്തിന്റെ ഇരയായി മാറുന്നു. സ്ട്രെസിമിന്സ്കിയെ സ്കൂളില്‍ നിന്ന് പുറത്താക്കുന്നത് മുതല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളമുള്ള നിസ്സഹായതകളും ഒറ്റപ്പെടുത്തലുകളും ഭ്രഷ്ടുമാണ് സിനിമയിലുടനീളം. സ്റ്റാലിനിസ്റ്റ് രീതികളോട് ഒരു ചിത്രകാരന്റെ ഒറ്റയ്ക്കുള്ള പോരാട്ടം സിനിമയെ വേറിട്ടതാക്കി.
ജീവിക്കാന്‍ നിര്‍വ്വാഹമില്ലാതെ അലയേണ്ടി വരുന്ന ചിത്രകാരന്റെ കഥ മേളയില്‍ വേറിട്ട അനുഭവം പകര്‍ന്നു നല്കി. 90 വയസ്സുണ്ടായിരുന്ന ആന്ദ്രെ വൈദ കഴിഞ്ഞ ഒക്ടോബറില്‍ മരണപ്പെട്ടു. 2017ലേക്കുള്ള പോളണ്ടിന്റെ ഓസ്കാര്‍ എന്‍ട്രികൂടിയാണ് ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആഫ്റ്റര്‍ ഇമേജ്.
കെയ്റോ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപഭൂമിയില്‍ കലാപകാരികളെ പിടികൂടി കൊണ്ടുപോകുന്ന ട്രക്കിനുള്ളിലേക്ക് നിരപാരാധികളെ പോലീസ് അറസ്റ്റ്ചെയ്ത് കൊണ്ടുതള്ളുന്നു. തുടര്‍ന്ന് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകളായിരുന്നു മുഹമ്മദ് ദ്യാബ് രചനയും സംവിധാനവും നിര്‍വ്വഹിച്ച അറബിക് ചിത്രം ‘ക്ലാഷ്’ന് പറയാനുണ്ടായിരുന്നത്. മലയാള സിനിമ ഷട്ടറിനെ അനുസ്മരിക്കും വിധം ട്രക്കിനുള്ളില്‍ തന്നെയായിരുന്നു സിനിമ മുഴുവന്‍. കൊലപ്പെടുത്തിയ മാനിന്റെ വായിലുള്ള വിശുദ്ധകല്ല്തേടിയുള്ള യുവാവിന്റെ കഥയാണ് ഇംഗ്ലീഷ് ചിത്രം ‘കര്‍സ്ഡ് ഒണ്‍’ന് പറയാനുണ്ടായിരുന്നത്. അല്‍ഷിമേഴ്സ് രോഗിയുടെ കഥപറഞ്ഞ പേര്‍ഷ്യന്‍ ചിത്രം ‘വെയര്‍ ആര് മൈ ഷൂസ്’ പ്രേക്ഷകരുടെ മനം കവര്‍ന്നു. മലയാള വനിതാ സംവിധായക വിധു വിന്‍സന്റിന്റെ ‘മാന്‍ ഹോള്‍’ ആയിരുന്നു മേളയിലെ മറ്റൊരു ആകര്‍ഷണം. യാതൊരു ആനുകൂല്യമോ അംഗീകാരമോ ലഭിക്കാത്ത തോട്ടിപ്പണിയെടുക്കുന്ന ഒരുകൂട്ടം ജീവിതങ്ങളുടെ നേര്‍ക്കാഴ്ച വരച്ചുകാട്ടിയ ‘മാന്‍ ഹോള്‍’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
മൂന്ന് ദിവസത്തെ അവധി ആയതിനാല്‍ തന്നെ പാസെടുത്ത ഉദ്യോഗസ്ഥര്‍ ഇന്ന് മേളയുടെ ഭാഗമായി മാറി. കൂടാതെ വിദ്യാര്‍ത്ഥികളും തിയേറ്ററുകളിലേക്ക് എത്തി. പലരും ആഗ്രിഹിച്ച പടങ്ങള്‍ കാണാനാകാതെ മടങ്ങി. ടാഗോര്‍ തിയേറ്ററിനെ ചുറ്റി ക്യൂ നീണ്ടു. മറ്റ് തിയേറ്ററുകളിലും നീണ്ട ക്യൂ കാണാമായിരുന്നു. ഓപ്പണ്‍ ഫോറവും സജീവമായി. ദേശീയ ഗാനത്തോടുള്ള അനാദരവ് ഒരുവിഭാഗം ഇപ്പോഴും തുടരുകയാണ്. സംഘാടകരോ പോലീസോ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഫോണ്‍വഴി സീറ്റ് ബുക്ക്ചെയ്യാനുള്ള ആപ്പ് നിലച്ചത് തിയേറ്ററുകളില്‍ ബഹളം സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: