ഭരണകൂട ഭീകരത ഒരു കലാകാരന്റെ ജിവിതത്തെ ഏതൊക്കെ തരത്തില്‍ വേട്ടയാടുന്നു എന്നതിന്റെ നേര് സാക്ഷ്യമാണ് ആന്ദ്രേ വൈദയുടെ അവസാന ചലച്ചിത്രമായ ആഫ്റ്റര്‍ ഇമേജ്. ഭരണകൂടത്തിന്റെ വരുതിക്ക് നില്‍ക്കുന്നില്ലെന്നും അവരുടെ തെറ്റുകള്‍ വിളിച്ചുപറയുന്നെന്നുമുള്ള കാരണത്താല്‍ കലാകാരന്റെ സര്‍ഗ്ഗാത്മകതയ്ക്ക് ഭ്രഷ്ടു കല്പിക്കുകയാണവര്‍. തന്റെ സൃഷ്ടി എന്തായിരിക്കണമെന്ന് തീരിമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും അയാള്‍ക്ക് നഷ്ടമാകുന്നു.
വര്‍ണ്ണങ്ങള്‍ ചാലിച്ച് വരയ്ക്കാനിരിക്കുമ്പോള്‍ എല്ലാ നിറങ്ങളെയും നിഷ്പ്രഭമാക്കി ക്യാന്‍വാസില്‍ ചുവപ്പ് നിറയുന്നു. മറ്റൊന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ ചുവപ്പിനെ വെട്ടിമാറ്റി പ്രകൃതിയുടെ പ്രകാശത്തെ അയാള്‍ കടത്തി വിടുന്നു. ഭരണകൂടം അപ്പോള്‍ മുതല്‍ അയാള്‍ക്കു പിറകെ കൂടുന്നു. എല്ലാം നശിപ്പിക്കാന്‍. വരയ്ക്കുന്ന കൈകള്‍ക്ക് വിലങ്ങിടാന്‍. വിജയം ഭരണകൂടത്തിനു തന്നെയാണ്. അത് താല്ക്കാലികമായിരുന്നെന്ന് പിന്നീട് കാലം തെളിയിച്ചെങ്കിലും…
ഇക്കഴിഞ്ഞ ഒക്ടോബറില്‍ തൊണ്ണൂറാം വയസ്സില്‍ ലോകത്തോട് വിടപറഞ്ഞ ആന്ദ്രെ വൈദ എന്ന വിഖ്യാത പോളിഷ് സംവിധായകന്റെ മനോഹരമായ ചലച്ചിത്രമാണ് ‘ആഫ്റ്റര്‍ ഇമേജ്’. സെപ്തംബറില്‍ സിനിമ റിലീസായി, ഒക്ടോബറില്‍ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. ടൊറന്റോയും ബുസ്സാനിലുമടക്കം ചലച്ചിത്രമേളകളുടെ മനംകവര്‍ന്ന ചിത്രം കേരളാ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും പ്രേക്ഷകരുടെ ഇഷ്ടസിനിമയായി. ഈ ചലച്ചിത്രോത്സവത്തിന്റെ തങ്കത്തിളക്കവും ഈ സിനിമ തന്നെയാണ്.
നാല്പതിലധികം സിനിമകള്‍ ആന്ദ്രെ വൈദ ചെയ്തിട്ടുണ്ട്. എല്ലാം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. സോവ്യറ്റ് പട്ടാളക്കാരാല്‍ സ്വന്തം പിതാവ് കൊല്ലപ്പെട്ടതില്‍ പോളണ്ടിലെ ശക്തമായ കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലായിരുന്നു എന്നും അദ്ദേഹം.
ഒന്നാം ലോകയുദ്ധത്തില്‍ കൈയും കാലും നഷ്ടപ്പെട്ട വിഖ്യാത ചിത്രകാരന് വ്ളാഡിസോവ് സ്ട്രെസിമിന്‍സ്കിയുടെ ജീവിതമാണ് ‘ആഫ്റ്റര്‍ ഇമേജ്’ എന്ന സിനിമയുടെ കേന്ദ്ര പ്രമേയം. കലാകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന ഭരണകൂടത്തിനുള്ള താക്കീതാണ് തന്റെ പുതിയ ചിത്രമെന്നായിരുന്നു വൈദ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. യുദ്ധാനന്തരമുള്ള സ്റ്റാലിനിസ്റ്റ് സര്‍ക്കാരിന് കീഴില്‍ ചിത്രകാരന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ വൈദ ഈ ചിത്രത്തില്‍ വരച്ചു കാട്ടുന്നു.
കലാകാരന്റെ ചെയ്തികള്‍ രാജ്യതാല്പര്യത്തിനെതിരാണെന്ന കാരണം പറഞ്ഞാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ചിത്രകാരനെതിരെ നടപടികളാരംഭിക്കുന്നത്. സ്ട്രെസിമിന്സ്കിയെ അദ്ദേഹം പടിപ്പിച്ചിരുന്ന കോളേജില്‍ നിന്ന് പുറത്താക്കുന്നു. എല്ലാത്തരത്തിലും വിലക്കേര്‍പ്പെടുത്തുന്നു. ഭക്ഷണത്തിന്റെ റേഷന്‍ വരെ ഇല്ലാതാക്കുന്നു. വരയ്ക്കാനുള്ള ബ്രഷിനും പെയിന്റിനും വരെ വിലക്ക്. അതുപോലും കടകളില്‍ നിന്ന് അദ്ദേഹത്തിനു നല്‍കുന്നില്ല. ഒടുവില്‍ ഭരണകൂട ഭീകരതയ്ക്കു മുന്നില്‍ അദ്ദേഹം തളര്‍ന്നു വീഴുന്നു. പോളണ്ടിനെ ഗ്രസിച്ച സ്റ്റാലിനിസ്റ്റ് ഭീകരതയ്ക്കെതിരെ സംഘബലമില്ലാതെ ഒറ്റയ്ക്കു പൊരുതിയ ചിത്രകാരന്റെ കഥയാണ് ആഫ്റ്റര്‍ ഇമേജ്. ഒടുവില്‍ അദ്ദേഹം നീലപ്പൂക്കള്‍ ഇഷ്ടമുള്ള ഭാര്യക്ക്, അവരുടെ ശവകുടീരത്തില്‍ നീലത്തില്‍ മുക്കിയ ഒരുപിടി പൂക്കളര്‍പ്പിച്ച് വിടവാങ്ങുന്നു.
തൊണ്ണൂറാം വയസ്സിലാണ് ഇത്തരമൊരു ചലച്ചിത്രം ആന്ദ്രെ വൈദ പ്രേക്ഷകനുമുന്നിലെത്തിക്കുന്നത്. അതു തന്നെയാണ് അതിലെ അദ്ഭുതവും. ഇത്തവണ ഓസ്കാര്‍ പുരസ്കാരത്തിനുള്ള പോളണ്ടിന്റെ സമര്‍പ്പണവുമാണിത്. മറ്റാര്‍ക്കും കഴിയാത്ത, മാറ്റാരും രേഖപ്പെടുത്തിയിട്ടില്ലാത്ത സര്‍ഗ്ഗാത്മകത….
പ്രതികരിക്കാൻ ഇവിടെ എഴുതുക: