തിരുവനന്തപുരം: ആരാണ് മാവോയിസ്റ്റെന്ന ചോദ്യമുന്നയിച്ചാണ് ഡോ.ബിജു സംവിധാനം ചെയ്ത ‘കാട്പൂക്കുന്ന നേരം’ അവസാനിക്കുന്നത്. ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെയും പട്ടിണിയുടെയും യാഥാര്‍ത്ഥ്യം വരച്ചുകാട്ടലായിരുന്നു സിനിമ. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെപ്പോലും മാവോയിസ്റ്റായി കാണുന്നുവെന്നും സിനിമ പറയുന്നു.
മാവോയിസ്റ്റ് വേട്ടയ്ക്കെത്തുന്ന പോലീസുകാരന് മോവോയിസ്റ്റ് ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീയെ പിടികൂടുന്നതിനിടയില്‍ കാടിനുള്ളില്‍ അകപ്പെടുന്നു. തുടര്‍ന്ന് ആദിവാസികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ നേരിട്ടുകണ്ട് ബോദ്ധ്യപ്പെടുന്നതും തുടര്‍ന്ന് കാടിന് പുറത്തെത്താന്‍ സഹായിച്ച സ്ത്രീയെ വെറുതെ വിടുന്നതുമാണ് സിനിമയുടെ കഥ. ഡോ.ബിജുവിന്റെ മുന്‍കാല സിനിമകള്‍ പോലെതന്നെ ഈ സിനിമയിലും കഥാപാത്രങ്ങള്‍ക്ക് പേര് നല്‍കിയിട്ടില്ല. പേരിലല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് സിനിമയില്‍ തന്നെ സൂചിപ്പിക്കുന്നുമുണ്ട്.
കാലത്തിനുമുമ്പെ ചിലപ്പോഴൊക്കെ കലാസൃഷ്ടികള്‍ സഞ്ചരിക്കുമെന്നും ഫെബ്രുവരിയില്‍ പൂര്‍ത്തിയായ ചിത്രത്തിന് ഏറെ പ്രസക്തി ലഭിച്ചത് കേരളത്തില്‍ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങള്‍ക്ക് ശേഷമാണെന്നും ഡോ.ബിജു പറഞ്ഞു. ടാഗോര്‍ തിയേറ്ററില്‍ നടന്ന പ്രദര്‍ശനം കാണാന്‍ നിര്‍മ്മാതാവ് സോഫിയ പോള്‍, ഛായാഗ്രഹകന് എം.ജി രാധാകൃഷ്ണന്, എഡിറ്റര്‍ കാര്‍ത്തിക് ജോസഫ്, അഭിനേതാക്കളായ ഇന്ദ്രജിത്ത്, റിമാ കല്ലിങ്കല്‍, കൃഷ്ണന് ബാലകൃഷ്ണന് തുടങ്ങിയവര്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: