തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള ദേശീയഗാനത്തിനോടുള്ള ആദവിനെതിരെയുള്ള പ്രതിഷേധ മേളയായി മാറുന്നു. ദേശീയഗാനത്തോട് ആദരവ് കാട്ടണമെന്ന സുപ്രീകോടതി ഉത്തരവിനെതിരെ ചലചിത്ര അക്കാദമി ചെയര്മാന് കമല്‍ ഉള്‍പ്പെടെയുള്ള ചിലരും ഒരുവിഭാഗത്തോടൊപ്പം രംഗത്തെത്തി.
ഡോ.ബിജുവിന്റെ ‘കാടുപൂക്കുന്നനേരം’ ആയിരുന്നു ചലച്ചിത്രമേളയിലെ അഞ്ചാം ദിനത്തിലെ ടാഗോറിലെ ആദ്യ സിനിമ. കഴിഞ്ഞ ദിവസത്തെ അറസ്റ്റ് ഭയന്നാവാം ദേശീയഗാനം കേട്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്നു. എന്നാല്‍ സിനിമ അവസാനിച്ചതോടെ പുറത്ത് ദേശീയ ഗാനത്തെ ചൊല്ലിയുള്ള പ്രതിഷേധമായി. കഴിഞ്ഞ ദിവസം ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്ലക്കാര്‍ഡുകളുമായി ഒരുവിഭാഗം തിയേറ്ററിന് പുറത്ത് സംഘടിച്ചു. ദേശീയപതാകയും ദേശീയ ഗാനവും ഡിജിറ്റല്‍ അല്ലെന്നും വിനോദം വില്‍ക്കുന്നിടത്ത് ദേശീയഗാനത്തെ വിറ്റ് തരംതാഴ്ത്തരുതെന്നും കാട്ടി ‘എഴുനേല്ക്കാനാകാന് കഴിയാത്ത’ ദേശ സ്നേഹികള്‍ സംഘടിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചുതുടങ്ങിയതോടെ എവിടനിന്നോ കുറേപേര്കൂടി രംഗത്തു വന്നു.
ഇതിനിടയില്‍ ‘ഡിങ്കോയിസ്റ്റ്’ എന്ന് പറഞ്ഞ് ചിലര്‍ ഓപ്പണ്‍ഫോറം വേദിയില്‍ നടന്ന ഷോര്‍ട്ട് ഫിലിം മത്സര പ്രഖ്യാപന ചടങ്ങിന് ശേഷം എഴുനേറ്റ് നിന്ന് ദേശീയ ഗാനം ആലപിച്ചു. ദേശീയ ഗാനം കേട്ട് വേദിയിലുള്ളവര് മുഴുവന്‍ എഴുനേറ്റ നിന്ന് ദേശീയഗാനത്തെ ബഹുമാനിച്ചതോടെ ഡിങ്കോയിസ്റ്റുകള്‍ നാണിച്ച് പിന്മാറി. ‘ബഹുമാനപ്പെട്ട സുപ്രീംകോടതി, ദേശ സ്നേഹം നിര്‍ബന്ധിച്ച് വരുത്താനാകില്ല’ എന്ന് ആലേഖനംചെയ്ത കാര്‍ഡുകള്‍ ധരിച്ച് മറ്റുചിലര്‍ പ്രതിഷേധവുമായി എത്തി. കാര്‍ഡുകള്‍ ഡെലിഗേറ്റുകള്‍ക്കും ഒഫിഷ്യല്സിനുമൊക്കെ വിതരണം ചെയ്തു. ആദ്യം പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന ഐ.വി.ശശിയും ബി.ഉണ്ണികൃഷ്ണനുമൊക്കെ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു.
വൈകുന്നേരത്തോടെ ചലച്ചിത്ര അക്കാദമിചെയര്‍മാന്‍ കമല്‍ ദേശീയ ഗാനത്തിനോട് ആദരവ് കാട്ടാത്തവര്ക്കെതിരെ നടപടി സ്വീകരിച്ച പോലീസിനെതിരെ രംഗത്തെത്തി. പോലീസിനെ തിയേറ്ററില്‍ കയറ്റില്ലെന്നും പോലീസ് നടപടി ശരിയായില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഐ.വി.ശശി, സിബിമലയില്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ ദേശീയ ഗാനത്തോടുള്ള ആദരവ് പ്രകടിപ്പിക്കേണ്ടതാണെന്ന അഭിപ്രായവുമായി രംഗത്ത് വന്നു. ഇന്ന് തിയേറ്ററില്‍ പ്രിതിഷേധമുള്ളവരെല്ലാംചേര്ന്ന് ദേശീയഗാനസമയത്ത് എഴുനേല്‍ക്കാതിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
രാവിലെ റിസര്‍വ്വ് ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ലെന്ന് പറഞ്ഞ് ടാഗോര്‍ തിയേറ്ററില്‍ ഒരുവിഭാഗം പ്രതിഷേധിച്ചു. ‘കാടുപൂക്കുന്ന നേരം’ കാണാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. കാണികളുടെ നിര തീയറ്ററിന് പുറത്തേക്കുനീണ്ടു. തിയേറ്ററിനുള്ളില്‍ നിലത്തും വാതിലും കടന്ന് കാണികള്‍ കവിഞ്ഞു. ഇതിനിടയിലാണ് ഒരുവിഭാഗം സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് പ്രതിഷേധിച്ചത്. ബഹളം ശക്തമായതോടെ വോളന്റിയര്‍മാര്‍ കയ്യാങ്കളിക്ക് മുതിര്‍ന്നു. ഇതോടെ റിസര്‍വ്വ് ചയ്തവര്‍ തിയേറ്റര്‍വിട്ടു. തിയേറ്ററിനുള്ളില്‍ കുത്തിഞെരുങ്ങി നിന്നതിനാല്‍ ബാല്‍ക്കണി വാതിലില്‍ നിന്ന ഒരു ഡെലിഗേറ്റ് ബോധരഹിതയായിവീണു.
സിനിമാ താരങ്ങളായ ഇന്ദ്രജിത്, പൂര്‍ണ്ണിമ, പ്രിയങ്ക, മേനക,സോനാനായര്‍, റിഷാദ് തുടങ്ങിയവര്‍ മേളയ്ക്കെത്തി. ഫെഫ്ക നടത്തുന്ന ഷോര്‍ട്ട്ഫിലിം മത്സരത്തിന്റെ ലോഗോ പ്രകാശനമുള്ളതിനാല്‍ ലാല്‍ജോസ്, ശ്യാമപ്രസാദ്, സത്യന് അന്തിക്കാട് അടക്കമുള്ള ഒട്ടുമിക്ക സംവിധായകരും എത്തി. വൈകുന്നേരം ടാഗോറില്‍ വാരണാട്ട് നാരായണകുറുപ്പ് ആശാന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ‘മുടിയേറ്റ്’കാണികളെ അമ്പരിപ്പിച്ചു. ഫെയിസ്ബുക്ക്-വാട്സാപ്പ് കൂട്ടായ്മകളുടെ സിനിമാ ചര്‍ച്ചകളും മേളയുടെ മാറ്റ് കൂട്ടുന്നുണ്ട്. നിശാഗന്ധിയിലെ ഓപ്പണ്‍ തിയേറ്റര്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും ഹൗസ് ഫുള്ളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: