തിരുവനന്തപുരം: ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ദക്ഷിണകൊറിയന്‍ സംവിധായകന് കിം കി ഡുക്കിന്റെ ‘നെറ്റ്’ കാണാനെത്തിയ മന്ത്രി എ.കെ.ബാലനെ ഡെലിഗേറ്റുകള്‍ നെട്ടോട്ടമോടിച്ചു. ഇന്നലെ ടാഗോര്‍ തിയേറ്ററില്‍ ഉച്ചയ്ക്കുള്ള ചിത്രമായിരുന്നു നെറ്റ്. ചിത്രത്തിന്റെ അവസാന പ്രദര്‍ശനം കൂടിയായതോടെ രാവിലെമുതല്‍ ഡെലിഗേറ്റുകള്‍ ക്യൂനില്‍ക്കുകയായിരുന്നു.
തിയേറ്ററിനുള്ളില്‍ കടന്നവര്‍ കണ്ടത് 20ഓളം സീറ്റുകളില്‍ ആരെയും ഇരിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന വോളന്റിയേഴിസിനെയാണ്. മന്ത്രിയും പരിവാരങ്ങളും വരുന്നുണ്ടെന്നും അതിനാല്‍ അവിടെ ഇരിക്കാനാകില്ലെന്നും വോളന്റിയേഴ്സ് നിലപാടെടുത്തു. ഇതോടെ പ്രതിഷേധം ഉയര്‍ന്നു. നടന് മധു എത്തിയപ്പോള്‍ ഡെലിഗേറ്റ്സുകള്‍ അദ്ദേഹത്തിന് സീറ്റ് നല്കി.
ചില പ്രത്യേക ‘വിഐപി’കള്‍ ഇവിടേക്ക് എത്തിയതോടെ ഡെലിഗേറ്റുകള്‍ പ്രതിഷേധം ശക്തമാക്കി സീറ്റ് കയ്യടക്കി. ഡെലിഗേറ്റുകളെ എഴുന്നേല്‍പ്പിക്കാന്‍ വോളന്റിയേഴ്സ് ശ്രമിച്ചതോടെ എഴുന്നേറ്റ് നിന്ന് ദേശീയഗാനം ആലപിച്ച് പ്രതിഷേധിച്ചു. ഇതിനിടയില്‍ സാംസ്കാരികമന്ത്രി എ.കെ.ബാലനും പരിവാരങ്ങളുമെത്തി. ഇതോടെ പ്രതിഷേധം ശക്തമായി. മന്ത്രിക്കെന്താ ക്യൂവില്‍ നിന്നാലെന്നും മന്ത്രിക്കും തറയിലിരിക്കാമെന്നും ഡെലിഗേറ്റ്സുകള്‍ കമന്റ് പാസാക്കി.
ഇതോടെ സംഗതിമോശമെന്ന് കണ്ട് മന്ത്രി തന്ത്രപൂര്‍വ്വം പിന്‍വാങ്ങി. പുറത്തിറങ്ങിയ മന്ത്രിക്ക് കമല്‍ ഇടപെട്ട് ബാല്‍ക്കണിയില്‍ സീറ്റ് തരപ്പെടുത്തി. ഇളമരം കരീമും മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. സിനിമ നല്ല അനുഭവമെന്നാണ് പുറത്തിറങ്ങിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: