തിരുവനന്തപുരം: ഏഴ് ദിവസം നീണ്ടുനിന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. 13 തിയേറ്ററുകളിലായി 184 ചിത്രങ്ങള്‍ ഇത്തവണത്തെ മേളയിലുണ്ടായിരുന്നു. ലോകസിനിമാവിഭാഗത്തില്‍ 81 ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഈ വിഭാഗത്തിലുണ്ടായിരുന്നു.
15 മത്സര ചിത്രങ്ങളില്‍ ക്ലാഷ്, നെറ്റ്, കോള്‍ഡ് ഓഫ് കലണ്ടര്‍, സിങ്ക്, ക്ലെയര്‍ ഒബ്സ്ക്യൂര്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍, ഡോ. ബിജുവിന്റെ കാടുപൂക്കുന്ന നേരം എന്നിവ മത്സരവിഭാഗത്തിലെ മലയാളത്തിന്റെ പ്രതീക്ഷകളായി. ദക്ഷിണകൊറിയന്‍ സംവിധായകന് കിം കി ഡുക്കിന്റെ നെറ്റും ബോളിവുഡ് നടി കൊങ്കണ സെന്‍ ശര്‍മ സംവിധാനം ചെയ്ത എ ഡെത്ത് ഇന്‍ ദി ഗഞ്ച്, ലീനാ യാദവിന്റെ പാര്‍ച്ച്ഡ് എന്നീ സിനിമകള്‍ ലോകസിനിമാവിഭാഗത്തില്‍ പ്രേക്ഷക ശ്രദ്ധനേടി.
വജ്രകേരളം ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ തനത് കലാരൂപങ്ങളായ മുടിയേറ്റ്, ചവിട്ടുനാടകം, തോല്‍പ്പാവക്കൂത്ത് തുടങ്ങിയ കലാരൂപങ്ങള്‍ ഇത്തവണത്തെ മേളയ്ക്ക് മാറ്റുകൂട്ടി. ഡെലിഗേറ്റുകള്‍ക്കുള്ള ആര്‍എഫ്ഐഡി തിരിച്ചറിയല്‍ കാര്‍ഡ്, പ്രദര്‍ശനത്തിന്റെ വിശദാംശങ്ങളറിയാന്‍ മൊബൈല്‍ ആപ്പ്, തിയേറ്ററുകളില്‍ താമസംകൂടാതെ പ്രവേശനം സാധ്യമാക്കുന്നതിന് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.
അതോടൊപ്പം പരിസ്ഥിതി സൗഹൃദപരവുമായിരുന്നു മേള. ചരിത്രത്തിലാദ്യമായി ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക സൗകര്യവുമൊരുക്കിയിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതായിരുന്നു മേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: