2017 വര്‍ഷത്തിന് തുടക്കം കുറിച്ചിരിക്കുന്നു, ഓംപുരിയെന്ന മഹാനടനെ വിസ്മൃതിയിലാഴ്ത്തി കൊണ്ട്. കേവലം ബോളിവുഡ് സിനിമകളില്‍ മാത്രം ഒതുങ്ങാത്ത നടനവൈഭവത്തിന് ഇന്ന് തിരശീല വീണിരിക്കുന്നു. അഭിനയത്തിന്റെ സര്‍വ്വ മേഖലകളിലും തന്റെതായ ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ സിനിമകളെല്ലാം തന്നെ ക്ലാസ് സിനിമകളെന്ന ശ്രേണിയില്‍പ്പെടുത്താവുന്നതാണ്.
ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമേ അമേരിക്ക, ബ്രിട്ടീഷ് സിനിമകളിലും അദ്ദേഹം തന്റെ അഭിനയപാടവം തെളിയിച്ചു. ഇതാണ് അദ്ദേഹത്തെ സീമകളിലാത്ത നടനെന്ന വിശേഷണത്തിന് അര്‍ഹനാക്കുന്നത്.
1988ല്‍ പുറത്തിറങ്ങിയ പുരാവൃത്തമെന്ന സിനിമയിലൂടെയാണ് മലയാള സിനിമാ രംഗത്തേയ്ക്ക് അദ്ദേഹം ചുവടു വയ്ക്കുന്നത്. തുടര്‍ന്ന് 88ല്‍ തന്നെ സംവത്സരങ്ങളെന്ന സിനിമയിലും അദ്ദേഹം ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. 2016ല്‍ ജയറാം നായകനായ ആടുപുലിയാട്ടത്തിലും അദ്ദേഹം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
ഹരിയാനയിലെ അംബാലയിലെ ഒരു പഞ്ചാബി കുടുംബത്തില്‍ ജനിച്ച ഓംപുരി പൂനയിലെ പ്രെസ്റ്റീജിയസ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. 1973 കാലഘട്ടങ്ങളില്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മറ്റൊരു മഹാനടനായ നസുറുദ്ദീന് ഷാ സഹപാഠിയായിരുന്നു.
1993ലാണ് ഓംപുരി വിവാഹിതനാകുന്നത്. നന്ദിതാ പുരിയാണ് ഭാര്യ. എന്നാല്‍ 2013ല്‍ വേര്‍പിരിഞ്ഞ ഇവരുടെ ബന്ധത്തിലുള്ള മകനാണ് ഇഷാന്.
ഇന്ത്യന്‍ സിനിമയുടെ നാനാ തലങ്ങളിലെ നടനവൈഭവം അദ്ദേഹത്തെ നിരവധി അവാര്‍ഡുകള്‍ക്കും അര്‍ഹനാക്കിയിട്ടുണ്ട്. 1976ല്‍ മറാത്തി സിനിമയായ ഖാഷിറാം കോട്വാല്‍ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് അദ്ദേഹം തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് 1980ല്‍ ഭാവ്നി ഭവായി, 1981ല്‍ സദ്ഗതി, 1982ല്‍ ആരോഹണ്‍, 1983ല്‍ അര്‍ദ് സത്യ, 1986 മിര്‍ച്ച് മസാല, 1992ല്‍ ധാരാവി എന്നീ സിനിമകളും അദ്ദേഹത്തിലെ കരിയറിലെ ഗ്രാഫ് ഉയര്‍ത്തി. ഇതില്‍ ആരോഹണിലേയും അര്‍ദ് സത്യയിലേയും അഭിനയമികവ് അദ്ദേഹത്തെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി.
പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും (പ്രധാനപ്പെട്ടവ)
1981ല്‍ സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് (ആക്രോഷ്)
1982ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് (ആരോഹണ്‍)
1983ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് (അര്‍ദ് സത്യ)
1984ല്‍ മികച്ച നടനുള്ള കര്ലോവി വാരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (അര്‍ദ് സത്യ)
1998ല്‍ മികച്ച നടനുള്ള ബ്രസല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് (മൈ സണ്‍ ദി ഫനാറ്റിക്)
2004ല്‍ മികച്ച സേവനങ്ങള്‍ കണക്കിലെടുത്ത് ബ്രിട്ടീഷ് ചലച്ചിത്ര രംഗത്ത് നിന്നുള്ള അവാര്‍ഡ്
2009ല്‍ ഫിലിംഫെയര്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്.
2015ല്‍ പ്രയാഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: