ഭാരതീയ സംഗീതലോകം അനേകം സുന്ദര സുമങ്ങള് പരിലസിക്കുന്ന പൂവാടിയാണെങ്കില് അതില്‍ എക്കാലവും പൂക്കള്‍ പടര്‍ത്തി നില്ക്കുന്ന പൂമരമാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ. യേശുദാസ്. പകരം വെക്കുവാന്‍ മറ്റൊന്നില്ലാത്ത, മലയാളിയുടെ ഒരേയൊരു ദാസേട്ടന്.
ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് പറയും പോലെ അതൊരു വരവായിരുന്നു. പില്ക്കാലത്ത് ലോകമെങ്ങുമുള്ള മലയാളികളെ തന്റെ ആലാപന സൗന്ദര്യം കൊണ്ട് വശീകരിക്കാനിരിക്കുന്ന ഗന്ധര്‍വന്റെ വരവ്. 1961 നവംബര്‍ പതിനാലിന് എം.ബി ശ്രീനിവാസന് എന്ന സംഗീതപ്രതിഭയുടെ കീഴില്‍ ‘ജാതിഭേദം മതദ്വേഷം’ എന്ന ഗാനമാലപിച്ച് മലയാള സിനിമാ സംഗീതത്തിലേക്കു വലതുകാല്‍ വച്ചു കയറിയ ആ ഇരുപത്തൊന്നുകാരനെ കേള്‍വി ലഭിച്ച ബധിരന്റെ ആര്‍ത്തിയോടെ കേരളം കേള്‍ക്കുകയായിരുന്നു.
വീട്ടുമുറ്റത്തെ മാവിന് കൊമ്പിലിരുന്നു പാടുന്ന കുയിലിന്റെ ഗാനം പോലെ അയത്നലളിതമായ ആലാപനത്തെ മലയാളി പിന്നെങ്ങും വിട്ടില്ല. മഞ്ചാടിക്കുരുവിനും തിരുവാതിരക്കും കഥകളിക്കുമൊപ്പം അവന്റെ ഗൃഹാതുരത്വങ്ങളില്‍ യേശുദാസിനേയും ചേര്‍ത്തു വച്ചു. യേശുദാസിനെ പ്രതി രഹസ്യമായി അഹങ്കരിച്ചു. പ്രണയത്തിലും വിരഹത്തിലും പ്രണയഭംഗത്തിലും മലയാളി യേശുദാസിനേയും ഒപ്പം കൂട്ടി.
മലയാള സിനിമാസംഗീതം യേശുദാസിനു മുന്‍പും യേശുദാസിനു ശേഷവും എന്ന് വേര്‍തിരിക്കപ്പെടുന്ന കാലം വരും. ശബ്ദം നന്നല്ലെന്ന് ഒരിക്കല്‍ പടിയിറക്കിവിട്ട ആകാശവാണി നാഴികക്കു നാല്പതുവട്ടം യേശുദാസ് എന്ന് ഉരുവിട്ട് പ്രായശ്ചിത്തം ചെയ്യുന്നു. പുലരിയില്‍ വന്ദേ വിഘ്നേശ്വരം ആലപിച്ച് അയ്യപ്പനെ ഉണര്‍ത്തി, രാത്രിയില്‍ ഹരിവരാസനം പാടി ഉറക്കുന്നു. കടലോളം കരകവിയുന്ന കൃഷ്ണഭക്തിയില്‍ ഗുരുവായൂരമ്പലത്തില്‍ ചന്ദനചര്‍ച്ചിത നീലകളേബര മേഘമായി കതിര്‍മഴ പെയ്യുന്നു. ഇത്രമേല്‍ മലയാളിയുടെ മനസുതൊട്ട മറ്റാരാണുള്ളത്? അവന്റെ കാമനകളെ, അവന്റെ സ്വപ്നങ്ങളെ അവന്റെ ഈശ്വരസങ്കല്പത്തെ ഇത്രമേല്‍ ജ്വലിപ്പിച്ച ഏതു ശബ്ദമുണ്ട്?
പ്രതിഭയുടെ ധാരാളിത്തം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച സംഗീത പ്രതിഭകള്‍ ചരിത്രത്തില്‍ ഉണ്ട്. മൂല്യവത്തായ ജീവിതം നയിച്ചു കടന്നുപോയവരുമുണ്ട്. സംഗീതവും ജീവിതവും ഒരുമിച്ച് ശ്രുതി പിഴക്കാത്ത ഈണം പോലെ കൊണ്ടുനടന്നവര്‍ ചുരുക്കം. താന്‍ മതിമറന്ന് ആലപിക്കുന്ന കല്യാണി രാഗം പോലെ മനോഹരമാണ് യേശുദാസിന്റെ കുടുംബജീവിതവും. പരസ്പരസ്നേഹത്തിന്റെയും ആനന്ദത്തിന്റേയും പ്രഭ ചൊരിയുന്ന മുഖങ്ങള്‍.
പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും വാക്കുകളില്‍ പരമപദത്തെ തൊട്ടറിഞ്ഞ യോഗിയുടെ ജാഗ്രത. സംഗീതപാരാവാരത്തിന്റെ കരയില്‍ ഇരുന്ന് വെള്ളം കോരിക്കളിക്കുന്ന കൊച്ചുകുട്ടി മാത്രമാണ് താനെന്ന് ഓര്‍മിപ്പിക്കുന്ന മുഖഭാവം. എന്നെയല്ല, എന്നില്‍ തുടിക്കുന്ന പരമമായ ചൈതന്യത്തെ നമിക്കൂ എന്ന് പറയാതെ പറയുന്ന കണ്ണുകള്‍.
മാറി ഉടുക്കാന്‍ വസ്ത്രമില്ലാതെ ഒറ്റ വസ്ത്രം മാത്രം ധരിച്ചും വിശന്നപ്പോള്‍ റോഡരികിലെ പൈപ്പു വെള്ളം കുടിച്ച് വിശപ്പടക്കിയിരുന്ന ദുരിതപര്‍വം മറികടന്നത് സംഗീതത്തോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടു മാത്രമായിരുന്നുവെന്ന് യേശുദാസ് ചിലപ്പോഴൊക്കെ ഓര്‍ത്തെടുക്കുന്നുണ്ട്.
മൂളാനറിയാത്തവനെപ്പോലും ഗായകനാക്കുന്ന നൂതനസാങ്കേതികതയില് അഭിരമിക്കുന്ന പുതുഗായകര്‍ യേശുദാസിന്റെ തലമുറ സംഗീതത്തോടു കാണിക്കുന്ന സത്യസന്ധതയും ആത്മാര്‍ത്ഥതയും പാഠമാക്കേണ്ടതുണ്ട്. തീര്‍ച്ചയായും, യേശുദാസ് ഒരു പാഠപുസ്തകം തന്നെയാണ്. ഗന്ധര്‍വ ഗായകന് ജന്മദിനാശംസകള്
പ്രതികരിക്കാൻ ഇവിടെ എഴുതുക: