പറഞ്ഞു പിടിച്ച് സിനിമ തന്നെ ഇല്ലാതാക്കുന്ന തര്‍ക്കങ്ങളിലും നിരോധനത്തിലുമാണോ സിനിമാക്കാര്. നാളെ എ ക്ളാസ് തിയറ്ററുകള്‍ അടച്ചിടുന്നതോടെ സിനിമാ പ്രതിസന്ധി കടുക്കുകയാണ്. അവകാശ വാദങ്ങളും തര്‍ക്കവും വെല്ലുവിളിയുമൊക്കെയായി നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും ഇരു ചേരിയിലായി പോരാടുമ്പോള്‍ എലിയെക്കൊല്ലാന്‍ ഇല്ലം ചുടുന്ന ആന്റിക്ളൈമാക്സിലേക്കാണ് മലയാള സിനിമയുടെ ഗതി.
തര്‍ക്കത്തിന്റെ അരങ്ങില്‍ നടക്കുന്നത് പൊതു ജനത്തിനറിയാമെങ്കിലും അണിയറയിലെ നിഗൂഢ അജണ്ടയെക്കുറിച്ച് അത്രയ്ക്കൊന്നും അറിവില്ല. ഫലത്തില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നതാണ് പരിഹാര ശ്രമങ്ങളും.
നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും വാശിയില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ന്യായങ്ങളും അവകാശവാദങ്ങളും എന്തുകൊണ്ട് സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന നിലയിലേക്കു മാറുന്നുവെന്നതാണ് ചോദ്യം.
ലാഭത്തിന്റെയും നഷ്ടത്തിന്റെയും വെട്ടിപ്പിന്റെയും കണക്കുകള്‍ക്കുപരി ഒരു വ്യവസായം തകര്‍ന്നാല്‍ ഉണ്ടാകുന്ന നഷ്ടം അതുമായി ജീവിക്കുന്നവര്ക്കാണെന്ന സത്യം എന്തുകൊണ്ട് ഇരുകൂട്ടരും മനസിലാക്കുന്നില്ലെന്നതാണ്. കാണികളാണ് സിനിമയുടെ നട്ടെല്ലെന്നു സിനിമാക്കാര് പറയുമ്പോഴും സിനിമയെ നിലനിര്‍ത്തേണ്ടത് കാണികളുടെ ബാധ്യതയല്ലെന്നു കൂടി ഇക്കൂട്ടര്‍ മനസിലാക്കണം. മനുഷ്യനു സിനമയില്ലെങ്കില് ജീവിക്കാനാവില്ലെന്ന് വിദൂരമായിപ്പോലും സിനിമാക്കാര് ചിന്തിക്കുമെന്നു തോന്നുന്നില്ല.
മുഖ്യമായ ജീവിതാവശ്യങ്ങളില്പ്പെട്ടതുപോലുമല്ല സിനിമ. ഇനി ആവശ്യങ്ങളുടെ തെരഞ്ഞെടുപ്പില്‍ പെട്ടാല്‍ തന്നെയും റിമോട്ടില്‍ വിരലമര്‍ത്താന്‍ സ്വാതന്ത്ര്യമുള്ള പ്രേക്ഷകനു സിനിമ കാണാന്‍ തിയറ്റര്‍ വേണമെന്നില്ല. മലയാളം കാണണമെന്ന് നിര്‍ബന്ധവുമില്ല. കാക്കത്തൊള്ളായിരം വിനോദങ്ങള്‍ക്കിടയില്‍ ഒരു സിനിമ എന്നിരിക്കെ തന്നെയും മൊൈബലിലും ടിവിയിലുമുള്ള സിനിമകളില്‍ നിന്നും പ്രേക്ഷകരെ തിയറ്ററിലേക്കു പിടിച്ചിറക്കി കൊണ്ടു വരാന്‍ സിനിമാക്കാര്‍ക്കു കഴിയണം. പറഞ്ഞു വരുന്നതു ഒരു വ്യവസായം നിലനിര്‍ത്തേണ്ടതു അതു കൊണ്ടു ജീവിക്കേണ്ടവര്‍ തന്നെയാണ്. പേരും പെരുമയും അത്യാവശ്യം സൗകര്യങ്ങളുമായി ജീവിച്ചുപോകുന്നവരാണ് സിനിമയുടെ കീഴ്തട്ടിലുള്ളവര്പോലുമെന്നിരിക്കെ സിനിമാ പ്രതിസന്ധി ആയിരക്കണക്കിനു പേരുടെ ജീവിതത്തെ ബാധിക്കും.
തിയറ്റര്‍ ഉടമകളും നിര്‍മാതാക്കളും വിതരണക്കാരും മാത്രമായാല്‍ സിനിമയാകില്ല. പക്ഷേ ആ സത്യം മറക്കുന്നതുകൊണ്ടാവണം ചിലരുടെ തന്നിഷ്ടങ്ങളോ സ്വാര്ഥതയോകൊണ്ട് ചില അവകാശവാദങ്ങളുടെ പേരില്‍ സിനിമാ തര്‍ക്കം നിലനില്‍ക്കുന്നത്. എന്നാല്‍ കുറെ കാലങ്ങളായിട്ട് എന്തെങ്കിലും ഒരു പേരില്‍ ഇത്തരം സിനിമാ തര്‍ക്കങ്ങള്‍ എല്ലാവര്‍ഷവും ഉണ്ടാകുന്നുണ്ട്. അതും വലിയ ഉത്സവ നാളുകളിലും. വിജയം പ്രതീക്ഷിച്ച് കോടികള്‍ മുടക്കി. ഇത്തവണ അഞ്ചു പടങ്ങളുടെ ക്രിസ്തുമസ് റിലീസാണ് മുടങ്ങിയത്.
അനുബന്ധ പടങ്ങള്‍ വേറെയും. മുടക്കം മൂലം 28കോടിയുടെ നഷ്ടം ഉണ്ടായെന്നു കേള്‍ക്കുന്നു. കളക്ഷനില്‍ മലയാള സിനിമയുടെ എക്കാലത്തേയും ചരിത്രമായി മാറിയ പുലിമുരുകനെ മലയാളി ഒന്നടങ്കം നെഞ്ചേറ്റി ആഘോഷിക്കുന്ന വേളയിലാണ് ഈ നഷ്ട ദുരിതമെന്നോര്ക്കണം. വര്‍ഷത്തില്‍ മൂന്നു നാലു ചിത്രങ്ങള്‍ മാത്രം വിജയിക്കുന്ന മലയാളത്തില്‍ ഇത്തവണ വന്‍ ഹിറ്റുകളും ഹിറ്റുകളുമടക്കം 28 ചിത്രങ്ങള്‍ വിജയിച്ചതിനുള്ള പാരിതോഷികമാണോ സിനിമാ പ്രതിസന്ധി എന്ന ചോദ്യത്തിനുമുണ്ട് പ്രസക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: