കഥ പറയാനും കേള്‍ക്കാനുമുള്ള മനുഷ്യവാസന പാരമ്പര്യമാണ്. മനുഷ്യ പുരോഗതിയില്‍ കഥയ്ക്കുള്ള പ്രാധാന്യം ഒട്ടും ചെറുതല്ല. ജാതി, മത, വര്‍ണ്ണ, വര്‍ഗ വ്യത്യാസങ്ങള്‍ക്കും ദേശത്തിനും അതീതമായി മനുഷ്യന്റെ ഈ കഥക്കമ്പം മറ്റെന്തിനെക്കാള്‍ ജനകീയമാണ്. മലയാളിയാകട്ടെ കഥയുടെ ആളാണെന്നു തന്നെ പറയാം. എത്ര കേട്ടാലും പറഞ്ഞാലും തീരില്ല മലയാളിക്കു കഥകള്‍.
മലയാളിയെ കഥപറഞ്ഞുണര്ത്തുകയും ഉറക്കുകയും ചെയ്യുന്നവര്‍ കൂടിയാണ് എഴുത്തുകാര്‍. ലോകത്തെവിടേയും കഥ എഴുത്തുകാരുടെ സ്വാഭാവം ഇങ്ങനേയാണ്. അതില്‍ തന്നെ ഗൗരവ വായനകൂടാതെ ജനകീയ വായനയും ഉണ്ട്. ജനകീയ വായന നല്കുന്ന കൂട്ടരാണ് വായനക്കാരുടെ കൂട്ടുകാര്‍ അവര്‍ സര്‍വസാധാരണക്കാരുടെ ജീവിതവും അതിന്റെ വികാരവുമൊക്കയാണ് എഴുത്തിലൂടെ പങ്കുവക്കുന്നത്. ഇത്തരം എഴുത്തുകാര്‍ മലയാളത്തില്‍ അനേകരുണ്ട്. പക്ഷേ അവരില്‍ മുന്‍പേ പറയേണ്ടുന്ന അനേകം പേരുകാരില്‍ ഒരാളാണ് കാനം എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ ഇലവുങ്കല്‍ ജോസഫ് ഫിലിപ്പ്.
നോവല്‍, കഥ, തിരക്കഥ, ഗാന രചയിതാവ് എന്നിങ്ങനെ വിവിധ രംഗത്ത് പ്രതിഭ തെളിയിച്ച എഴുത്തുകാരനാണ് കാനം ഇ.ജെ. സാധാരണ വായനക്കാരുടെ അസാധാരണമാംവിധം ആരാധന പിടിച്ചുപറ്റിക്കൊണ്ട് ജനകീയ സാഹിത്യത്തില്‍ കൊടുങ്കാറ്റുപോലെ നിറഞ്ഞു നിന്ന പ്രതിഭയാണ് കാനം. സാധാരണക്കാരുടെ മനസിലുള്ളത് അവരുടെ വികാരത്തിന്റെ ഭാഷയിലും ശൈലിയിലും എഴുതുകയായിരുന്നു കാനം. മലയാളം പണ്ഡിറ്റും അധ്യാപകനും പത്രപ്രവര്ത്തകനുമൊയായിരുന്ന കാനം മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ കുറച്ചുകാലം ജോലിചെയ്തു. തുടര്‍ന്നു അവിടെ നിന്നും രാജിവെച്ചുതിന് ശേഷം മലയാളത്തില്‍ വമ്പന്‍ പ്രചാരം നേടിയ മനോരാജ്യം മാസിക തുടങ്ങി. അതിന്റെ എഡിറ്ററും അദ്ദേഹം തന്നെയായിരുന്നു.
1960-70 കള്‍ കാനം എന്ന നോവലിസ്റ്റിനെ മലയാളം ആഘോഷിച്ച കാലങ്ങളായിരുന്നു. കാനത്തിന്റെ നോവലുകള്‍ പ്രസിദ്ധീകരിക്കുന്ന മലയാള മനോരമയ്ക്കു വേണ്ടി വായനക്കാര്‍ കാത്തിരിക്കുകയായിരുന്നു. വാരിക കിട്ടാന്‍ താമസിച്ചാല്‍ പത്ര ഏജന്റിനോടും കടക്കാരോടും വായനക്കാര്‍ കലഹിക്കുമായിരുന്നുപോലും. നോവലിനെക്കാളും നീണ്ടകഥ എന്നരൂപത്തില്‍ ആഴ്ചതോറും വാരികയില്‍ പരമ്പരയായി വരികയായിരുന്നു കാനം നോവലുകള്‍. അദ്ദേഹത്തിന്റെ മിക്കവാറും നോവലുകള്‍ പ്രസിദ്ധീകരിച്ചത് മലയാള മനോരമ ആയിരുന്നു.
നൂറോളം നോവലുകളാണ് കാനത്തിന്റെതായി പുറത്തുവന്നത്. ഈ അരയേക്കര്‍ നിന്റെതാണ്, പമ്പാ നദി പാഞ്ഞൊഴുകുന്നു, ഭാര്യ തുടങ്ങിയ നോവലുകല്‍ കാനത്തെ മലയാളക്കരയുടെ സ്വന്തമാക്കി. നോവലിസ്റ്റായിരിക്കെ തന്നെ കാനം സിനിമയ്ക്കു തിരക്കഥ എഴുതാന്‍ തുടങ്ങി. ഒപ്പം ഗാന രചനയും നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ പ്രശസ്ത നോവല്‍ ഭാര്യ 1962ല്‍ അതേ പേരില്‍ സിനിമയായി. കഞ്ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യനും രാഗിണിയുമായിരുന്നു നായികാനായകന്മാര്. തകര്‍പ്പന്‍ വിജയമായിരുന്നു ഭാര്യ. കാനത്തിന്റെ നിരവധി നോവലുകള്‍ അതേപേരിലും അല്ലാതെയും സിനിമയായി. അവയ്ക്കു തിരക്കഥയും സംഭാഷണവും ചിലതിന് ഗാനങ്ങളും അദ്ദേഹം തന്നെ എഴുതി. കലയും കാമിനിയും, കളിയോടം, അഗ്നിമൃഗം, സ്വര്‍ഗപുത്രി, ദത്തുപുത്രന്, ആരും അന്യരല്ല, ഹിമവാഹിനി, അവള് വിശ്വസ്തയായിരുന്നു, ഏദന്‍തോട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ കാനത്തിന്റെതായുണ്ട്. എല്ലാം ഹിറ്റായ ചിത്രങ്ങള്‍. കാനത്തിന്റെ ചിത്രങ്ങള്‍ അധികവും സംവിധാനം ചെയ്തത് പി.സുബ്രഹ്മണ്യമായിരുന്നു.
സാധാരണക്കാരന്റെ ജീവിത ഭൂമികയില്‍ നിന്നുകൊണ്ടാണ് കാനം രചനകള്‍ നടത്തിയത്. സാധാരണക്കാരന്റെ ചിരിയും കരച്ചിലും നഷ്ടങ്ങളും സങ്കടവുമൊക്കെയായിരുന്നു ആ കൃതികളുടെ പശ്ചാത്തലം. ക്രിസ്തീയ ജീവിതത്തില്‍ നിന്നാണ് കാനം കഥാപാത്രങ്ങളെ ഏറെയും കണ്ടെടുത്തത്.1982ല്‍ കാനം എന്ന പേര് മലയാളത്തിന്റെ സ്വന്തമാക്കിക്കൊണ്ട് കാനം ഇ.ജെ ഓര്‍മയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: