മികച്ച ഹൃദയാരോഗ്യമുള്ളയാള് അര്‍ബുദം ബാധിച്ച് മരിക്കാനുളള സാധ്യത വളരെ കുറവാണെന്ന് പഠനം. ഡെന്മാര്ക്കില് നിന്നുളള ഒരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വ്യായാമവേളയില്‍ ശരീരം എങ്ങനെയാണ് ഓക്സിജന്‍ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഹൃദയത്തിന്റെ ആരോഗ്യം വിലയിരുത്താനാകുക. ഹൃദ്രോഗങ്ങളെ തുരത്താന്‍ വ്യായാമം ഏറെ നല്ലതാണെന്ന കാര്യം നമുക്കേവര്‍ക്കുമറിയാം. എന്നാല്‍ വ്യായാമവും അര്‍ബുദവും തമ്മിലും അത്തരമൊരു ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജേര്‍ണലായ സ്പോര്‍ട്സ് മെഡിസിനിലാണ് ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടുളളത്.
മിക്ക അര്‍ബുദങ്ങളും അനാരോഗ്യകരമായ ആരോഗ്യ ശീലങ്ങളില്‍ നിന്നുണ്ടാകുന്നതാണ്. അത് കൊണ്ട് തന്നെ ഇവയില്‍ പലതിനെയും പ്രതിരോധിക്കാനുമാകുമെന്നും പഠനത്തിന് നേതൃത്വം നല്കിയ ഡോ.മാഗ്നസ് തോര്‍സ്റ്റണ്‍ ജെന്സണ് പറയുന്നു
കായികാദ്ധ്വാനമുളളവര്ക്ക് അര്‍ബുദ സാധ്യത കുറവാണെന്ന് നേരത്തെ തന്നെയുളള പഠനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അത് കൊണ്ട് തന്നെ കായികാദ്ധ്വാനത്തെ ലോകാരോഗ്യ സംഘടനയും പ്രോത്സാഹിപ്പിക്കുന്നു.
49 വയസ് പ്രായമുളള 5131 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. പഠനം ആരംഭിച്ച 1970കളില്‍ ഇവരില്‍ അര്ബുദമില്ലായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളില്‍ ഇവരെ ശാരീരിക പരിശോധനകള്‍ക്ക് വിധേയമാക്കി. ശരീരത്തിലെ ഓക്സിജന്റെ നിലയറിയാനുളള വിഓ2 മാക്സ് എന്ന പരിശോധനയ്ക്കും ഇവരെ വിധേയമാക്കി.
44വര്‍ഷത്തിനുളളില്‍ ഇവരില്‍ 4482 പേര് മരിച്ചു. ഇതില്‍ 1527 പേര് അര്‍ബുദം മൂലമാണ് മരണത്തിന് കീഴടങ്ങിയത്. കായികാദ്ധ്വാനമുളളവരില് അര്‍ബുദം തിരികെ വരാനുളള സാധ്യതയും വളരെ കുറവാണെന്ന് പഠനം പറയുന്നു. മികച്ച ഹൃദയാരോഗ്യമുളളവരില് കീമോതെറാപ്പിയോടും മികച്ച രീതിയില്‍ പ്രതികരിക്കാനാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: