അഹമ്മദാബാദ്: അര്ജന് അമ്പാലിയ ഇനിയും ജീവിക്കും ആസിഫ് ജുനെജയുടെ ഹൃദയവുമായി. തനിയ്ക്ക് ജീവനും ജീവിതവും നല്കിയ ആ മുസ്ലീം സഹോദരന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണ്. അര്‍ജനും കുടുംബവും.
ശിഹോര് താലൂക്കിലെ സോദ് വാദ്ല ഗ്രാമത്തിലുളള അസിഫ് ജുനെജയ്ക്ക് കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ഹൃദയം അമ്പാലിയയ്ക്ക് മാറ്റി വച്ചു. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ അമ്പാലിയ ഇതോടെ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.അഹമ്മദാബാദിലെ ഒരു സ്വകാര്യ ആശുപത്രയിലേക്ക് ഭാവ് നഗറില്‍ നിന്ന്് ജുനേജയുടെ ഹൃദയം ചാര്‍ട്ടേഡ് വിമാനത്തില്‍ പറന്നെത്തി.
ഗുജറാത്തിലെ ആദ്യ ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകൂടിയാണിത്. ഈമാസം പതിനേഴിന് റോഡ് മുറിച്ച് കടക്കവെ അമിത വേഗത്തിലെത്തിയ ഒരു കാര്‍ ജുനേജയെ ഇടിച്ച് വീഴ്ത്തി. അതീവ ഗുരുതരാവസ്ഥയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇയാളുടെ കുടുംബവുമായി സംസാരിച്ച് അവയവദാനത്തിന് സമ്മതിപ്പിക്കുകയായിരുന്നു. ഇയാളുടെ ഹൃദയവും രണ്ട് കിഡ്നികളും കരളും പാന്‍ക്രിയാസും എല്ലാം എടുത്തു. ആവശ്യമുളള രോഗികള്‍ക്ക് ഇവ നല്‍കാനും തീരുമാനിച്ചതായി ഭാവ്നഗര്‍ ആശുപത്രിയിലെ ഡോ.രാജേന്ദ്ര കബാരിയ പറയുന്നു. തുടര്‍ന്ന് അദ്ദേഹം അഹമ്മദാബാദ് ആശുപത്രിയുമായി ബന്ധപ്പെട്ട് അവയവങ്ങള്‍ ആവശ്യമുളളവരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ജുനേജയുടെ രക്ത ഗ്രൂപ്പ് സാര്‍വത്രിക ദാതാവായതും സഹായകമായി.
ഹിസ്റ്റമിന്‍ എന്ന അതീവഗുരുതരമായ ഹൃദ്രോഗമുളള അമ്പാലിയയ്ക്ക് ഹൃദയം മാറ്റി വയ്ക്കാനും തീരുമാനമായി. ഇയാളുടെ ജീവന് രക്ഷിക്കാനുളള കഠിന പരിശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. ഇതിനിടെയാണ് ഈ ഹൃദയം ഇവരെതേടിയെത്തിയത്.
വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയിലേക്ക് ഹരിതഇടനാഴി ഒരുക്കി ഹൃദയമെത്തിച്ചു. നാല് മണിക്കൂര്‍ നീണ്ട അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഹൃദയം അദ്ദേഹത്തില്‍ തുന്നിപ്പിടിപ്പിച്ചു. ശസ്ത്രക്രിയ പൂര്‍ണമായും വിജയമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: