ഡിജിറ്റല്‍ ഇന്ത്യയുടെ കറന്‍സി രഹിത കേരള പദ്ധതിയുടെ ഭാഗമായി ജില്ല ഭരണകുടം നടപ്പിലാക്കുന്ന ക്യാഷ്ലെസ്സ് ഡിജിറ്റല്‍ വയനാട് പദ്ധതിയില്‍ കുടുംബശ്രീ പ്രധാന പങ്ക് വഹിക്കും. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വികാസ് പീഡിയയുമായി സഹകരിച്ചാണ് കുടുംബശ്രീ ഡിജിറ്റല്‍ യജ്ഞത്തില്‍ പങ്കാളിയാകുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ അടിസ്ഥാനത്തിലും പ്രദേശികാടിസ്ഥാനത്തിലും പരിശീലനത്തിനായി വിപുലമായ കാമ്പയിന് നടത്തും.
പ്രാദേശികാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ഡിജിറ്റല്‍ പണമിടപാടുകളിലൂടെയും ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെയും താഴെ തട്ടിലുള്ളവരെകൂടി ഡിജിറ്റല്‍ വിപ്ലവത്തിലും വികസനത്തിലും പങ്കാളികളാക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.
23 ഭാഷകളിലായി പ്രവര്‍ത്തിക്കുന്ന വികാസ് പീഡിയ പോര്‍ട്ടല്‍ ഇതിനോടകം കേരളത്തില്‍ പലവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹൈദ്രാബാദിലെ സി.ഡാക്കിന്റേതാണ് സാങ്കേതികവിദ്യ. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് വിവരദാതാക്കളെ കണ്ടത്തുന്നതിനും ജനങ്ങളിലേക്ക് പരമാവധി അറിവ് പങ്കു വയ്ക്കുന്നതിനാമായി എല്ലാ ജില്ലകളിലും ഔട്ട് റീച്ച് പരിപാടികള്‍ നടത്തിവരുന്നുണ്ട്. ഡിജിറ്റല്‍ ഫിനാന്‍സ് എന്ന വിഷയവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളുടെ ചുമതലയും വികാസ് പീഡിയ കേരളയ്ക്കാണ്.ലീഡ് ബാങ്ക്,അക്ഷയ,സാക്ഷരതാമിഷന്‍ ,കുടുംബശ്രീ പോലുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ടാണ് ബോധവല്‍ക്കരണപരിപാടികള്‍ നടത്തിവരുന്നത്.
കുടുംബശ്രീക്ക് വയനാട് ജില്ലയില്‍ 9,000 അയല്‍ക്കൂട്ടങ്ങളും 600 സംരംഭങ്ങളും 1,50,000 അംഗങ്ങളുമാണ് ഉള്ളത്. മുഴുവന്‍ പഞ്ചായത്തുകളിലും മൂന്നു മുന്‍സിപ്പാലിറ്റിയിലുമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുന്നതിനും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം പരിശീലിക്കുന്നതിനുമാണ് ഡിജിറ്റല്‍ യജ്ഞത്തില്‍ ആദ്യം ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളുടെയും ഇടപാടികള്‍ ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ഫോണ്‍ വഴിയുമാക്കുന്നതിന് നടപടി സ്വീകരിക്കും. മുഴുവന്‍ സംരംഭങ്ങളെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യമിടുന്നുണ്ട്.അക്ഷയ പ്രോജക്ടിന്റെ സഹകരണവും ഇതില്‍ തേടും.
പദ്ധതികളുടെ ആദ്യഘട്ടമായി ജില്ലയിലെ മുഴുവന്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും ഏകദിന ശില്പശാല 30 ന് രാവിലെ 10 മണിമുതല്‍ കല്‍പ്പറ്റ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഇതില്‍ നിന്നും പരിശീലനം നേടുന്നവര്‍ പഞ്ചായത്ത് തലത്തില്‍ അക്ഷയകേന്ദ്രങ്ങളുമായി സഹകരിച്ച് ശില്പശാലകള് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: