നിലമ്പൂര്‍: നിറം വര്‍ധിപ്പിക്കാമെന്ന വ്യാജേന തട്ടിപ്പുനടത്തി സ്വര്‍ണ്ണം അപഹരിക്കുന്ന മൂന്ന് ബീഹാര്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ അരാരിയ ആര് എസിലെ മടയാരിദാമ സ്വദേശികളായ ശശികുമാര്‍ ഷാ(32), രൂപ് ലാല്‍ ഷാ (24), രവികുമാര്‍ ഷാ (22) എന്നിവരെയാണ് നിലമ്പൂര്‍ എസ്ഐ മനോജ് പറയട്ടയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ വീട്ടിക്കുത്ത് റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍, എടക്കര മേഖലകളില്‍ വീടുകളില്‍ കയറിയിറങ്ങി ആഭരണങ്ങളും പാത്രങ്ങളും ക്ലീന്‍ ചെയ്ത് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീകളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി രാസവസ്തുക്കള്‍ ചേര്‍ത്ത് നിറം വെപ്പിക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ തൂക്കത്തില്‍ കുറവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്ല് പോലീസ് സ്റ്റേഷനുകളില്‍ ധാരാളം പരാതികള്‍ ലഭിച്ചു. ഇതേ തുടര്‍ന്ന് പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പരാതിക്കാരെ വിളിച്ചുവരുത്തി ഇവരെ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് ചെയ്തത്. അകമ്പാടം സ്വദേശിയായ യുവതിയില്‍ നിന്നും ഒന്നേമുക്കാല്‍ പവനും, പോത്തുകല്ല് കാവുംപാടം സ്വദേശിനിയില്‍ നിന്ന് 40 ഗ്രാം തൂക്കമുള്ള മൂന്ന് ആഭരണത്തില്‍ നിന്നായി 11 ഗ്രാമും, മമ്പാട് പുളിക്കലോടി സ്വദേശിനിയില്‍നിന്നും 45 ഗ്രാം തൂക്കമുള്ള ആഭരണങ്ങളില്‍ നിന്നായി 11 ഗ്രാമും വടപുറം സ്വദേശിനിയില്‍നിന്നും 20 ഗ്രാം സ്വര്ണമാലയില് നിന്നും അഞ്ച് ഗ്രാമും ഇവര്‍ തട്ടിയെടുത്തിരുന്നു.
ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍നിന്നും തട്ടിപ്പിനായി ഉപയോഗിക്കുന്ന വിവിധ ആസിഡുകള്‍, മഞ്ഞള്‍പൊടി, കസ്തൂരിമഞ്ഞള്‍, ഉറൂഞ്ചിക്കായ, തീ കത്തിക്കുന്നതിനാവശ്യമായ രാസവസ്തുക്കള്‍, പാത്രങ്ങള്‍ എന്നിവയും എടിഎം കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈല്‍ഫോണുകള്‍ എന്നിവയും കണ്ടെടുത്തു. സമാനമായ രീതിയില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ കോഴിക്കോട്, പട്ടാമ്പി, പാലക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേക്ക് കോയമ്പത്തൂരുള്ള കേന്ദ്രങ്ങളില്‍ നിന്ന് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സംഘത്തില്‍പ്പെട്ട രണ്ടുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആഭരണങ്ങള്‍ രാസവസ്തുവില്‍ മുക്കി ചൂടാക്കി നിറം വപ്പിച്ച് കസ്തൂരിമഞ്ഞള്‍ പുരട്ടി തിരിച്ചു നല്‍കും. ഒരുമണിക്കൂര്‍ ഫാനിനടിയില് വച്ച് ഉണങ്ങിയ ശേഷം ഉപയോഗിച്ചാന് നിര്‍ദ്ദേശിച്ച് സംഘം മടങ്ങും. ഒരുമണിക്കൂര്‍ കഴിഞ്ഞ് ആഭരണം എടുത്തുനോക്കുമ്പോളാണ് പലരും തട്ടിപ്പു നടന്നതായി അറിയുന്നത്. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നിലമ്പൂര്‍ സിഐ, എസ്ഐ എന്നിവര്‍ക്കു പുറമെ എഎസ്ഐ രാധാകൃഷ്ണന്, എം.അസൈനാര്‍, സിപിഒമാരായ എന്‍.പി.സുനില്‍, ഇ.ജി.പ്രദീപ്, സലീല്‍ ബാബു, ഷമീന, പൊന്നച്ചന് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: