പത്തനംതിട്ട: ജില്ലയില്‍ ക്വാറി ഉല്പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിപ്പിച്ചത് നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കും. മെറ്റല്‍ അടക്കമുള്ള പാറഉല്പന്നങ്ങള്ക്ക് 30 മുതല്‍ 50 ശതമാനം വരെയാണ് വര്‍ധന. ചിപ്സ്, മണല്‍, പാറപ്പൊടി എന്നിവയ്ക്കും വില വര്‍ധന ബാധകമാണ്.
സംസ്ഥാനത്ത് കുടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലാണ് വിലയും കൂടുതലെന്ന് കാരാറുകാരും ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെയും വില വര്‍ധന ദോഷമായി ബാധിക്കും.
പ്രത്യേക കാരണങ്ങള്‍ ഇല്ലാതെ ഉല്പന്നങ്ങള്ക്ക് ഇത്രയധികം വില വര്‍ധന ഒറ്റയടിക്ക് ഉണ്ടാകുന്നത് ആദ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാറ ഉല്പന്നങ്ങള്ക്ക് വിലയേറിയത് അനുബന്ധ ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തേയും ബാധിക്കും. സിമന്റ് കട്ടിള, ജനല്‍, ഹോളോബ്രിക്ക്, തറയോട് നിര്‍മ്മാണ യൂണിറ്റുകളെയാണ് കൂടുതല്‍ ബാധിക്കുക. സാധാരണക്കാരാണ് വീടു നിര്‍മ്മിക്കാന്‍ സിമന്റുകട്ടകളെ ആശ്രയിക്കുന്നത്. ഇതിന്റെ വില 8 മുതല്‍ 10 രൂപവരെ വര്‍ധിച്ചേക്കും.
യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് ക്രഷര്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ഓള് കേരള ഹോളോ ബ്രിക്സ് ആന്‍ഡ് പേവിംഗ് ടൈല്‍സ് മാനുഫാക്ചറിംഗ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 30 മുതല്‍ 50 ശതമാനം വരെയാണ് ക്രഷര്‍ ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ധന വരുത്തിയിരിക്കുന്നത്.
സര്‍ക്കാരില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ഏറ്റെടുത്തിട്ടുള്ള സ്ഥലത്തുനിന്ന് പാറഖനനം ചെയ്ത് കരിങ്കല്ലും അനുബന്ധ ഉത്പന്നങ്ങളും വന്‍വിലയ്ക്കു വിറ്റ് കോടിക്കണക്കിനു രൂപ ലാഭം കൊയ്യുന്ന സമീപനമാണ് ക്രഷര്‍ ഉടമകളുടേതെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
എം സാന്‍ഡിന് 38 രൂപയായിരുന്നത് 50 രൂപയായും പാറപ്പൊടിക്ക് 20 രൂപയില്‍ നിന്ന് 32 രൂപയായും തേപ്പു മണലിന് 40 രൂപയില്‍ നിന്ന് 60 രൂപയായും ഓരോ അടിക്കും വില വര്‍ധിപ്പിച്ചു.
മെറ്റല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കും വന്‍വിലയാണ് വാങ്ങുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. ക്രഷര്‍ വിലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അസോസിയേഷന് യോഗം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് അടൂര്‍ വ്യാപാരഭവനില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. രാജന്, സെക്രട്ടറി പി.എച്ച്. അന്‍വര്‍, ഭാരവാഹികളായ ഗോപന് പഴകുളം, രാജേന്ദ്രന് പത്തനാപുരം എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: