കുഴല്‍മന്ദം: ഒറ്റപ്പാലം സ്പെഷ്യല്‍ ലാന്റ്ബോര്‍ഡിന്റെ കീഴില്‍ കുഴല്‍മന്ദത്തുള്ള ലാന്റ്ട്രൈബ്യൂണല് റെക്കോര്‍ഡ് സൂക്ഷിപ്പ് കേന്ദ്രം ഒറ്റപ്പാലത്തേക്ക് മാറ്റരുതെന്ന ആവശ്യം ശക്തം. വാളയാര്‍,പുതുശേരി,കഞ്ചിക്കോട്, കുഴല്‍മന്ദം, മാത്തൂര്‍,കണ്ണാടി, തേങ്കുറുശ്ശി,എരിമയൂര്‍, കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി,വടക്കഞ്ചേരി, കിഴക്കഞ്ചേരി,തരൂര്‍, കാവശ്ശേരി, മേലാര്‍ക്കോട്,കണ്ണമ്പ്ര,പുതുക്കോട് എന്നിവിടിങ്ങളിലുള്ളവര് പട്ടയത്തിന്റെ ആവശ്യങ്ങള്‍ക്കായി കുഴല്‍മന്ദം ഓഫീസിനെയാണ് സമീപിക്കുക.
വിലമതിക്കാനാവാത്ത നിരവധി രേഖകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ളകെട്ടിടം ഏതുസമയത്തും തകരാന്‍ സാധ്യതയുണ്ട്. മഴകാലമായാല്‍ കെട്ടിടം ചോര്‍ന്നൊലിക്കും. പലരേഖകളും വെള്ളം നനഞ്ഞ് നാശമായിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നാണ് പരാതി. കെട്ടിടത്തിന്റെ മുന്‍വശം പാഴ്ച്ചെടികള് വളര്‍ന്ന് കാടുപിടിച്ച നിലയിലാണ്. വാതിലുകളും ജനലുകളും ചിതലരിച്ച് കേടായിരിക്കുന്നു. ഭിത്തികളില്‍ സിനിമപോസ്റ്ററുകളും സംഘടനാ പരിപാടികളുടെ നോട്ടീസുകളും പതിച്ച നിലയിലാണ്.
1970 മുതലുള്ള ഏഴ്ലക്ഷത്തോളംവരുന്ന പട്ടയങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വാടകകെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ട് പലതവണ കത്തു നല്‍കിയിരുന്നതായി ഉടമ പറഞ്ഞു. എന്നാല്‍ ഇത്രയധികം വരുന്ന പട്ടയങ്ങള്‍ എന്തുചെയ്യണമെന്നാറിയാത്ത അവസ്ഥയാണ്. ഉദ്ഘാടനം കഴിഞ്ഞ ഒറ്റപ്പാലം സിവില്‍ സ്റ്റേഷന് കെട്ടിടത്തിലേക്കാണ് ഇവിടെയുള്ള പട്ടയങ്ങള്‍ മാറ്റുന്നത്.
2002ല്‍ റെക്കോര്‍ഡ് റൂം ഏറെക്കാലം അടച്ചിട്ടെങ്കിലും ഒറ്റപ്പാലം ഓഫീസില്‍ പട്ടയങ്ങള്‍ സൂക്ഷിക്കുവാന്‍ സ്ഥലമില്ലാത്തതിനാല്‍ വീണ്ടും തുറക്കുകയായിരുന്നു. മേശകള്‍ക്ക് മുകളിലും റാക്കുകളിലും സൂക്ഷിച്ചിരിക്കുന്ന പട്ടയങ്ങള്‍ക്ക് കൂട്ടായി എലിയും പാമ്പും മറ്റ് ഇഴജന്തുക്കളുമുണ്ട്.
വെള്ളിയാഴ്ച്ചകളില്‍ മാത്രം തുറക്കാറുള്ള ഓഫീസിലെ പലപട്ടയങ്ങളും ചിതലുപിടിച്ച് നശിച്ചു തുടങ്ങിയിരിക്കുന്നു. ചില പട്ടയങ്ങളാകട്ടെ പകുതി എലി കരണ്ടനിലയിലുമാണ്. മഴക്കാലമാരംഭിച്ചതോടെ ഓടിട്ടകെട്ടിടം ചോര്‍ന്നൊലിക്കുവാന്‍ തുടങ്ങിയിരിക്കുകയാണ്. ഒരുവശം തകര്‍ന്ന നിലയിലാണ്. അടച്ചുറപ്പില്ലാത്ത വാതിലുകളും ജനലുകളും ഉള്ള കെട്ടിടത്തിന് മതിയായ സുരക്ഷാസംവിധാനങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിനു തൊട്ടടുത്തായാണ് ആക്രി കച്ചവടം നടക്കുന്നത്.
ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ഇവിടെ നിന്ന് പട്ടയം കണ്ടുകിട്ടണമെങ്കില്‍ ഏറെ ബുദ്ധിമുട്ടാണെന്നും പരാതികളുയര്‍ന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംവിധാനങ്ങളോ മഴയില്‍ നനയാതെ സൂക്ഷിക്കാന്‍ ഫര്‍ണീച്ചറോ ഇവിടെയില്ല. മഴയത്ത് നനഞ്ഞിരിക്കുന്നതിനാല്‍ പട്ടയങ്ങള്‍ നശിക്കാന്‍ സാധ്യതയേറെയാണ്.
ഇങ്ങനെ വന്നാല്‍ ആയിരക്കണക്കിന് ജനങ്ങള്‍ തലമുറകളോളം കാത്തുസൂക്ഷിക്കേണ്ട പലരേഖകളും ഇല്ലാതാകും. ആയതിനാല്‍ ഒറ്റപ്പാലത്തേക്ക് മാറ്റുന്നതിന് പകരം കുഴല്‍മന്ദം ഒന്ന് വില്ലേജ് ഓഫീസിനകത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടത്തിലേക്കോ, ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്കോ, പഞ്ചായത്ത് വക കെട്ടിടത്തിലേക്കോ മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. കുഴല്‍മന്ദത്തെ പട്ടയ റെക്കോര്‍ഡ് റൂം ഓഫീസ് ഒറ്റപ്പാലത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി എസ്.അരുണ്‍കുമാര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: