സ്വന്തം ലേഖകന്‍
കുന്നത്തൂര്‍: ശാസ്‌താംകോട്ട ഫില്‍ട്ടര്‍ഹൗസില്‍ നിന്നും വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ അമിത അളവില്‍ ബ്ലീച്ചിങ് പൗഡര്‍ ചേര്‍ക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.
തടാകതീരത്തെ ജനങ്ങളാണ് കഴിഞ്ഞ ഒരു മാസമായി ബ്ലീച്ചിങ് പൗഡര്‍ കലര്‍ന്ന ജലം ഉപയോഗിക്കുന്നത്. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും അധികൃതര്‍ക്ക് അനക്കമില്ല. കെഐപി കനാലില്‍ നിന്നും എടുക്കുന്ന ജലം തടാകജലവുമായി കൂടി കലര്‍ത്തിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
കനാല്‍ ജലം കുടിക്കാന്‍ നിലവാരമില്ലാതെ മാലിന്യത്തിന്റെ അളവ് കൂടുന്നതിനാലാണ് അമിത ബ്ലീച്ചിങ് നടത്തുന്നതെന്നാണ് സൂചന. ബ്ലീച്ചിങ് പൗഡര്‍ കൂടുതലുള്ള ജലം ഉപയോഗിച്ചാല്‍ അത് ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
വെള്ളം കുടിച്ച പലര്‍ക്കും ശാരീരിക ബുദ്ധിമുട്ട് ഉണ്ടായി തുടങ്ങിയിട്ടുണ്ട്. കുടിവെള്ളം പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് പ്രദേശവാസികള്‍ പറയുന്നു. കനാലില്‍ ആകട്ടെ അറവുമാലിന്യങ്ങളും മനുഷ്യ വിസര്‍ജ്ജ്യങ്ങളും നിക്ഷേപിക്കുന്നത് തുടരുകയാണ്. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലില്‍ നെറ്റ് സ്ഥാപിച്ച് കവചം ഒരുക്കുമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല.
















