വാളയാര്‍ : സ്പിരിറ്റ് മുതല്‍ അനധികൃത വ്യാജമദ്യം വരെയും ഹാന്‍സ് മുതല്‍ കഞ്ചാവ് വരെയുമുള്ള ലഹരി വസ്തുക്കള്‍ അതിര്‍ത്തി കടന്ന് നിര്‍ബാധം കേരളത്തിലേക്കൊഴുകുന്നു. കേസ്സുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും ആധുനിക പരിശോധന സംവിധാനങ്ങളുടെ അഭാവം ലഹരിക്കടത്ത് ഫലപ്രദമായി തടയിടുന്നതിന് വിലങ്ങുതടിയാവുകയാണ്. ബാറുകള്‍ പൂട്ടിയശേഷം ലഹരികടത്തിന്റെ പേരിലുള്ള കേസുകളുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരുമാസത്തിനിടെ 22 കേസുകളാണ് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മാത്രം എക്സൈസ് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തത്. നൂറോളം പേരെ പിടികൂടുകയും ചെയ്തു. കഞ്ചാവ്, വിദേശമദ്യം, ലഹരി ഉല്‍പ്പന്നങ്ങള്‍ എന്നിവ കടത്തിയതിന് അഞ്ഞൂറോളം കേസുകളാണ് സംസ്ഥാനത്ത് രണ്ടു വര്‍ഷം രജിസ്റ്റര്‍ ചെയ്തത്.
വാളയാര്‍, ഗോവിന്ദാപുരം, മീനാക്ഷിപുരം, വേലന്താവളം, ചെമ്മണാംപതി, ഗോപാലപുരം ചെക്കുപോസ്റ്റുകളിലൂടെ കടന്നുവരുന്ന യാത്രാബസ്സുകളിലും ചെറുവാഹനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ ലഹരിയുല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തുന്നത്. ഒരു കിലോയില്‍ താഴെയുള്ള പൊതികളായാണ് കഞ്ചാവ് കടത്തുന്നത്. പിടിക്കപ്പെട്ടാലും ചെറിയ ശിക്ഷയെ ലഭിക്കൂ എന്നതാണ് ചെറിയ പൊതികളായി കഞ്ചാവ് കടത്താന്‍ പ്രേരണയാകുന്നത്. ആന്ധ്രാ, ഒഡീഷ എന്നിവിടങ്ങളിലെ കഞ്ചാവ് കൃഷിയിടങ്ങളില്‍ നിന്നാണ് തമിഴ്നാട് വഴി കേരളത്തില്‍ കഞ്ചാവ് എത്തുന്നത്. ഒരു കിലോയ്ക്ക് 2500 രൂപക്കു കിട്ടുന്ന കഞ്ചാവ് ഇവിടെയെത്തുമ്പോള്‍ മുപ്പതിനായിരം രൂപ വരെ ലാഭം കിട്ടുമെന്ന് പിടിക്കപ്പെട്ടവര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
കേരളത്തിലെ ബാറുകള്‍ അടച്ചുപൂട്ടിയതോടെ സ്ഥിരം മദ്യപാനികള്‍ ലഹരി കിട്ടുന്ന മറ്റുമാര്‍ഗങ്ങളിലേക്ക് തിരിഞ്ഞതായാണ് വര്‍ധിച്ച രീതിയിലുള്ള ലഹരിക്കടത്ത് സൂചിപ്പിക്കുന്നത്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും ലഹരിയുപയോഗം വ്യാപകമായതായി പോലീസും ആരോഗ്യവകുപ്പും പറയുന്നു. ലഹരി വസ്തുക്കളുടെ ലഭ്യത ഫലപ്രദമായി തടയാനുള്ള സംവിധാനം ഇപ്പോഴില്ലാത്തതാണ് പ്രധാനപ്രശ്നം. അതിര്‍ത്തിക്കപ്പുറത്തുനിന്ന് കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും കടത്തുന്നവരില്‍ കുട്ടികളെ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ട്രെയിന്‍ വഴിയും ഇരു ചക്രവാഹനങ്ങളിലുമായി ലഹരി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തിക്കാന്‍ കുട്ടികളെ ഉപയോഗിക്കുന്നതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. ആവശ്യത്തിന് ആള് ബലമോ, ആയുധ ബലമോ ഇല്ലാത്തതാണ് എക്സൈസ് വകുപ്പ് അനുഭവിക്കുന്ന പ്രധാന പ്രശ്നം. വാഹനങ്ങളും പരിശോധന ഉപകരണങ്ങളും പരിമിതമാണ്. പിടിക്കപ്പെടുമെന്നുറപ്പായാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളെ പിന്തുടര്ന്ന് കീഴടക്കാനുള്ള ആള് ബലം ഇപ്പോള്‍ എക്സൈസിനില്ലെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. സ്വയം രക്ഷയ്ക്കുള്ള ആയുധങ്ങളും ഇവര്‍ക്കില്ല സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ മാത്രം നടത്തുന്ന പരിശോധനകളാണ് ഇപ്പോള്‍ ലഹരിവേട്ടയായി അറിയപ്പെടുന്നത്. പോലീസ്, എക്സൈസ് സേനകള്‍ക്ക് ആധുനിക ഉപകരണങ്ങളും സുരക്ഷ സംവിധാനങ്ങളും നല്‍കാതെ ലഹരിക്കടത്ത് തടയാന്‍ കഴിയില്ലെന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: