ഓമല്ലൂര്‍: ഓമല്ലൂര്‍ ഊപ്പമണ്‍ ജങ്ഷനില്‍ പുതുതായി ആരംഭിക്കുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യചില്ലറവില്പന ശാലയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വെള്ളിയാഴ്ച്ച രാത്രിയിലാണ് ഇവിടെ മദ്യവില്പനശാല തുറന്നത്. ജംഗ്ഷനില്‍ പുതുതായി പണിത കെട്ടിടത്തില്‍ അതീവ രഹസ്യമായി രാത്രിയില്‍ പോലീസ് സംരക്ഷണയോടെയാണ് മദ്യ കെയ്സുകള് കൊണ്ടിറക്കിയത്. ഉടന്‍ തന്നെ അല്പസമയം മദ്യവില്പന നടത്തി കട അടയക്കുകയും ചെയ്തു. പത്തനംതിട്ട നഗരത്തിലെ മാര്‍ക്കറ്റിനുസമീപം പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യചില്ലറവില്പന ശാലയാണ് ഓമല്ലൂര്‍ ഊപ്പമണ്ണിലേക്ക് മാറ്റിയത്. മൂന്നു പതിറ്റാണ്ടിലേറെയായി കള്ള്ഷാപ്പോ,മറ്റ് മദ്യക്കടകളോ പ്രവര്‍ത്തിക്കാതിരിക്കുന്ന ഇവിടെ മദ്യചില്ലറവില്പന ശാലതുടങ്ങിയതറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചു കൂടി. ഇതോടെ അന്നത്തെ കച്ചവടം അവസാനിപ്പിച്ച് കട അടച്ചു. ഇന്നലെ ഏപ്രില്‍ ഒന്നാം തീയ്യതി ആയതിനാല്‍ കട തുറന്നില്ല. ഇന്ന് മദ്യക്കട തുറന്നാല്‍ വന്‍ പ്രതിഷേധം ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.പുതിയ കെട്ടിടത്തിന് നമ്പര്നല്കിയതല്ലാതെ മദ്യക്കട നടത്താന്‍ പഞ്ചായത്ത് അനുമതിയോ ലൈസന്‍സോ നല്‍കിയിട്ടില്ലെന്ന് ഓമല്ലര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍ പറഞ്ഞു.രണ്ടാം വാര്‍ഡില്‍ മദ്യവില്പനശാല തുടങ്ങുന്നത് പ്രതിഷേധാര്‍ഹമാണെന്നും ജനങ്ങളുടെ പ്രതിഷേധം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വാര്‍ഡംഗം അഭിലാഷ് പറഞ്ഞു. മൂന്നു പതിറ്റാണ്ടിനു മുമ്പു് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെപ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏഴോളം പട്ടക്കടകളും പൂട്ടിയിരുന്നു. അതിനു ശേഷം ഇതുവരേയും ഈ പ്രദേശത്ത് മദ്യ വില്പനശാലകള് തുടങ്ങിയിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.ജനവാസകേന്ദ്രത്തില്‍ പുതുതായി മദ്യവില്പനശാല ആരംഭിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: