പന്തളം: നാടിനെ ഭക്തിയിലാറാടിച്ച് സപ്തവര്ണ്ണങ്ങളൊരുക്കി തട്ടയില്‍ ഒരിപ്പുറത്ത് മീനഭരണി ഉത്സവത്തിന് ഏഴു കരക്കാര് ചേര്‍ന്ന് കെട്ടുകാഴ്ച്ചകളൊരുക്കി. കിഴക്കും പടിഞ്ഞാറുമുള്ള കരകളിലെ കെട്ടുകാഴ്ച്ചകള്‍ മേലേ പന്തിയിലും താഴേ പന്തിയിലും നിരത്തി കരപറച്ചില്‍ ചടങ്ങു നടത്തി. കെട്ടുകാഴ്ച്ചകള്‍ തയ്യാറാക്കിയ വിവരം ദേവിയെ അറിയിക്കാനും കാഴ്ച്ചകള്‍ ക്ഷേത്രത്തിനു പ്രദക്ഷിണം വെയ്ക്കുന്നതിന് അനുമതി വാങ്ങാനുമായി കരക്കാര് നടത്തുന്ന ചടങ്ങാണ് കരപറച്ചില്‍. നാളികേരവുമായി ദേവിയ്ക്കു മുന്‍പിലെത്തി പ്രാര്‍ത്ഥിച്ച ശേഷം കരയുടെ പേരു പറഞ്ഞ് പ്രദക്ഷിണം വെച്ച് ആല്‍ച്ചുവട്ടില്‍ തേങ്ങയുടച്ച് കരക്കാര് കെട്ടുകാഴ്ച്ചകള്‍ പന്തിയില്‍ നിന്നും ഇറക്കി.
ആദ്യം ഇടമാലി കൊച്ചുകാള ക്ഷേത്രത്തിനു വലംവെച്ചു. തുടര്‍ന്ന്, ഭഗവതിയ്ക്കും പടിഞ്ഞാറ് കൊച്ചുകാള, കിഴക്കും പടിഞ്ഞാറും കരകളിലെ ചെറിയ കെട്ടുരുപ്പടികള്‍ എന്നിവ യഥാക്രമം മൂന്നുപ്രാവശ്യം വട്ടമടി പൂര്‍ത്തിയാക്കി പന്തിയില്‍ തിരികെ വെച്ചു. ഇടമാലി തേര്, ഭഗവതിയ്ക്കും പടിഞ്ഞാറ് തേര്, പാറക്കര തേര്, പടുക്കോട്ടുക്കല്‍ തേര്, മല്ലിക തേര്, പൊങ്ങലടി തേര് എന്നീക്രമത്തില്‍ തേരുകളിറങ്ങി പ്രദക്ഷിണംപൂര്‍ത്തിയാക്കി. പിന്നീട് മല്ലിക വലിയകാള, വയലിനും പടിഞ്ഞാറ് വലിയകാള, എന്നിവ ക്രമമനുസരിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണംവെച്ചശേഷം കിഴക്കും പടിഞ്ഞാറുമുള്ള പന്തികളില്‍ നിരത്തിവെച്ചു. ഇത്തവണ പത്തിലധികം ചെറിയ കെട്ടുരുപ്പടികള്‍ വിവിധകരകളില്‍ നിന്നായി ഭഗവതിക്കു മുമ്പില്‍ കളിപ്പിച്ചു.
കാര്‍ത്തിക ഉത്സവത്തിന് രാവിലെ ആറിന് ഗരുഡന്‍തൂക്കം നടത്തി. തുടര്‍ന്ന് കരക്കാര് വീണ്ടും കെട്ടുരുപ്പടികളുമായി ക്ഷേത്രത്തിനു വലംവെച്ചു. 11 മുതല്‍ ആരംഭിച്ച നേര്‍ച്ചത്തൂക്കങ്ങള്‍ ഇന്നലെയാണ് അവസാനിച്ചത്. ഇത്തവണ ഇരുനൂറോളം നേര്ച്ചത്തൂക്കങ്ങളാണ് നടന്നത്. തിരുവാതിര ഉത്സവം നാളെ നടക്കും. രാവിലെ 8ന് ശ്രീഭൂതബലി, വൈകിട്ട് 6.30ന് സേവ, രാത്രി 7.30ന് പഞ്ചവാദ്യം, 10.30ന് പന്തളം ബാലന്റെ ഗാനമേള, 1ന് എഴുന്നെള്ളത്തും വിളക്കും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: