കുണ്ടറ: കുണ്ടറയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പെരുമ്പുഴയിലെ ജനവാസകേന്ദ്രത്തില്‍ അനുവദിച്ചതിനെതിരെ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ പ്രതിഷേധം. ബിജെപിയും യുഡിഎഫും അടിയന്തിരവിഷയമായി അവതരിപ്പിച്ചെങ്കിലും പ്രസിഡന്റ് സുജാതമോഹനനും വൈസ്പ്രസിഡന്റ് ജലജാഗോപനും കമ്മിറ്റി മിനിട്‌സില്‍ രേഖപ്പെടുത്താന്‍ വിസമ്മതിച്ചു. ഇതിനെ പിന്താങ്ങി പഞ്ചായത്ത് സെക്രട്ടറിയും നിലപാടെടുത്തത് വാഗ്വാദത്തിലും തുടര്‍ന്ന് സംഘര്‍ഷത്തിലുമെത്തി. ഒടുവില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും നിര്‍ദ്ദേശിച്ച പ്രകാരം കമ്മിറ്റി പിരിച്ചുവിട്ടതായി സെക്രട്ടറി അറിയിച്ചതിനെതുടര്‍ന്ന് ബിജെപി, യുഡിഎഫ് മെമ്പര്‍മാര്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഉപരോധിച്ചു. ഇതിനിടയില്‍ എന്‍ഒസി ഇല്ലാതെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഔട്ട്‌ലെറ്റാണ് നിയമവിരുദ്ധമായി പെരുമ്പുഴയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഔട്ട്‌ലെറ്റിന് ഇന്നുതന്നെ സ്റ്റോപ്പ് നോട്ടീസ് നല്‍കുമെന്ന സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹനനും വൈസ് പ്രസിഡന്റ് ജലജഗോപനും ഖണ്ഡിക്കുകയും സെക്രട്ടറി നിയമവിരുദ്ധമെന്ന് പറഞ്ഞത് ഇവര്‍ നിയമവിധേയം എന്ന തിരുത്തുകയും ചെയ്തു. ബിജെപിയും യുഡിഎഫും തങ്ങള്‍ കമ്മിറ്റിയില്‍ ഉന്നയിച്ച വിഷയം മിനിട്‌സില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് സെക്രട്ടറിയാകട്ടെ പ്രസിഡന്റ് പറയാതെ മിനിട്‌സില്‍ രേഖപ്പെടുത്തില്ല എന്നുള്ള നിലപാട് സ്വീകരിച്ചു. പ്രസിഡന്റും സെക്രട്ടറിയും പോലീസിനെ വിളിക്കുകയും പോലീസ് സംരക്ഷണത്തില്‍ പുറത്തുപോകുകയുമായിരുന്നു.
















