നിലമ്പൂര്‍: സിപിഎമ്മിനും പി.വി.അന്‍വര്‍ എംഎല്‍എക്കും കനത്ത പ്രഹരമേല്‍പ്പിച്ച് നിലമ്പൂരില്‍ ഗവ.കോളേജ് സ്ഥാപിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കി. 2016 ഫെബ്രുവരിയിലാണ് നിലമ്പൂര്‍ മാനവേദന് ഹയര്‍സെക്കണ്ടറി സ്കൂളിനോട് ചേര്‍ന്ന് ഗവ.കോളേജിനായി അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ചുകൊണ്ട് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. പിന്നീട് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നം കോടതി കയറിയത്. മാനവേദന് സ്കൂളില്‍ താല്‍ക്കാലികമായി ആരംഭിച്ച ക്ലാസും സ്പെഷ്യല്‍ ഓഫീസും പ്രാദേശിക സിപിഎം നേതൃത്വം തടസ്സപ്പെടുത്തിയതോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പ്രക്ഷോഭവുമായി രംഗത്തെത്തി. ഇതോടെ എംഎല്‍എയും സിപിഎം നേതൃത്വവും വെട്ടിലായി. അപ്പോഴേക്കും സിപിഎം വിമതര്‍ സമരക്കാര്‍ക്കൊപ്പം ചേര്‍ന്നു. സിപിഎം വിമതന് ജോസ്.കെ.അഗസ്റ്റിയന്റെ നേതൃത്വത്തില്‍ കോളേജ് സംരക്ഷണ സമിതിക്ക് രൂപം നല്കി. ബിജെപിയടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എംഎല്‍എയും സിപിഎം നേതാക്കളും കോളേജ് സംരക്ഷണ സമിതിക്കെതിരെ പരസ്യമായി പ്രസ്താവനകളിറക്കി. സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി കോളേജ് നിര്‍ത്തലാക്കാന്‍ ശ്രമിച്ചപ്പോള്‍ സംരക്ഷണ സമിതി കോടതിയെ സമീപിച്ചു. ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ കോളേജ് നിലമ്പൂരില്‍ തന്നെ സ്ഥാപിക്കാമെന്ന് കോടതിയില്‍ ഉറപ്പുനല്‍കി.
എടക്കരയിലേക്കോ, പൂക്കോട്ടുംപാടത്തേക്കോ കോളജ് മാറ്റാനായിരുന്നു എംഎല്‍എയുടെയും സിപിഎമ്മിന്റെയും ശ്രമം. മുന്‍ എംഎല്‍എ ആര്യാടന്റെ കണക്കിലാകും കോളേജെന്ന തരംതാണ രാഷ്ട്രീയചിന്തയാണ് പി.വി.അന്വറിനെകൊണ്ട് ഇതൊക്കെ ചെയ്യിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: