പത്തനംതിട്ട: പന്തളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളായ യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഇതില്‍ ഉള്‍പ്പെട്ട സനൂപിന്റെ മാതാവ് ശ്രീദേവി പത്രസമ്മേളനത്തില്‍ പറഞ്ഞു.
മകന് തെറ്റുകാരനാണെന്നറിഞ്ഞ ഉടന്‍ നിയമത്തിനു മുന്നില്‍ എത്തിക്കുകയായിരുന്നു. നടുവിന് വേദനയ്ക്ക് ചികിത്സയിലായിരുന്ന സനൂപിനെ പോലീസ് ഉപദ്രവിക്കുന്നത് ഒഴിവാക്കാനാണ് കീഴടങ്ങാന്‍ തയ്യാറായത്. ഇതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ കൊടുമണ്‍ എഎസ്ഐ രാജീവിനു മുന്‍പാകെ സനൂപിനെ ഹാജരാക്കുകയായിരുന്നു. കേസില്‍ മാപ്പുസാക്ഷി ആക്കാമെന്ന ഉറപ്പും പോലീസ് നല്‍കിയിരുന്നു. എന്നാല്‍ പന്തളം പോലീസ് സ്റ്റേഷനില്‍ രണ്ടു ദിവസം ക്രൂരമര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നത്. സനൂപിനെ കേസില്‍ ഒന്നാം പ്രതിയാക്കുകയും, കല്ലെറിഞ്ഞ ആളെ രണ്ടാം പ്രതിയാക്കുകയും ചെയ്തു.
പന്തളം സ്റ്റേഷനില്‍ എത്തിയ തന്നോട് സിഐയും എസ്ഐയും മോശമായി പെരുമാറുകയും തന്റെ സാന്നിദ്ധ്യത്തില്‍ മകനെപോലീസ് മര്‍ദ്ദിക്കുകയും ചെയ്തതായി ശ്രീദേവി പറഞ്ഞു. കസ്റ്റഡിയില്‍ എടുത്തവരെ കുടിക്കാന്‍ വെള്ളം പോലും നല്‍കാതെ സെല്ലിന്റെ കമ്പിയില്‍ വിലങ്ങിട്ട നിലയില്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കി. കക്ഷത്തില്‍ മുളക്അരച്ചു തേക്കുകയും ചെയ്തു.വിവരം കോടതിയില്‍ പറഞ്ഞാല്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി മര്‍ദ്ദിക്കുമെന്ന് പോലീസ് ഭീഷണി പ്പെടുത്തി. ബിജെപി നേതാക്കള്‍ പറഞ്ഞിട്ടാണ് കല്ലെറിഞ്ഞതെന്ന് മൊഴിനല്‍കാന്‍ ആവശ്യപ്പെട്ടാണ് എസ്ഐ സനൂ പിനെയും മറ്റുള്ളവരെയും ക്രൂരമായി പീഡിപ്പിച്ചത്. എസ്ഐക്ക് ബിജെപി നേതാക്കളുമായുള്ള വൈരാഗ്യമാണ് ഇതിനു പിന്നിലെന്ന് കരുതുന്നതായും, സിപിഎം അനുഭാവികളാണ് തങ്ങളുടെ കുടുംബമെന്നും ശ്രീദേവി പറഞ്ഞു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലയിന്റ് അതോറിട്ടി ക്കും പരാതി നല്‍കിയതായും ശ്രീദേവി പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ ബന്ധുക്കളായ എം.എസ്. അജി, എം.ജി. ജയശ്രീ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: