പെരിന്തല്‍മണ്ണ: ആളുകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെടുന്നവരെ ബിസിനസില്‍ പാര്ടണറാക്കമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി സംഘത്തിലെ തന്നെ സ്ത്രീയോടൊപ്പം വിവസ്ത്രനാക്കി നിര്‍ത്തി ഫോട്ടെയെടുത്താണ് ബ്ലാക്ക് മെയില്‍ ചെയ്തിരുന്നത്. ചെറുകര സ്വദേശികളായ ഒരേടത്ത് ഷമീര്‍(24), പായംകുളത്ത് സുധീഷ്(35), കോട്ടത്തൊടി അബ്ദുള്‍ വാഹിദ്(29), നാലകത്ത് മുഹമ്മദ് നൗഷാദ്(38), തച്ചര് പള്ളിയാലില്‍ യാസിര്‍(24), പട്ടക്കുത്ത് മുഹമ്മദ് ഷബീബ്(20), മലപ്പുറം സ്വദേശി പിച്ചന്മഠത്തില് റയ(26) എന്നിവരാണ് പിടിയിലായത്.
സംഘത്തില്‍ റയയാണ് മൊബൈലില്‍ ആളുകളുമായി ബന്ധം സ്ഥാപിക്കുന്നത്. നിരന്തരമായി ഫോണ്‍വിളിച്ച് ചങ്ങാത്തം സ്ഥാപിച്ചതിന് ശേഷം ബിസിനസ്സില്‍ പങ്കാളിയാകാന്‍ ക്ഷണിക്കും, അതുമല്ലെങ്കില്‍ സ്ഥലം വില്‍പ്പനക്കുണ്ടെന്ന് പറയും. സ്ഥലം കാണിച്ചുതരാമെന്ന് പറഞ്ഞ് ചെറുകര അലിഗഡ് സര്‍വകലാശാലക്ക് സമീപം വിജനമായ സ്ഥലത്തേക്ക് ആളെ കൊണ്ടുവരും. അപ്പോഴേക്കും മറ്റുള്ളവര്‍ക്ക് നാട്ടുകാരെന്ന വ്യാജേന സ്ഥലത്തെത്തും. തുടര്‍ന്ന് റയയുടെ കൂടെ ഇരയെ വിവസ്ത്രനാക്കി നിര്‍ത്തി വീഡിയോയും ഫോട്ടോയുമെടുക്കും. ഇത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാറും കൈയിലുള്ള പണവും വാങ്ങിയെടുക്കും. ഫോണും സിം കാര്‍ഡും വാങ്ങിയ ശേഷം മാത്രമേ വിട്ടയക്കൂ. കഴിഞ്ഞ ദിവസം പനങ്ങാങ്ങര സ്വദേശിയായ യുവാവിനെ സമാനമായ രീതിയില്‍ തട്ടിപ്പിനിരയാക്കിയിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
എഎസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി സുരേഷ്കുമാര്‍, സിഐ സാജു.കെ.ഏബ്രഹാം, എസ്ഐ എം.സി.പ്രമോദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരന്, പി.എന്‍.മോഹനകൃഷ്ണന്, എന്‍.ടി.കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: