മുല്ലശ്ശേരി: വീടുകളുടെ വാതില്‍ പൊളിച്ച് വീട്ടുകാരെ തലയ്‌ക്കടിച്ച് കവര്‍ച്ച നടത്തുന്ന നാലംഗ സംഘത്തിലെ ഒരാളെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ സൗത്ത് കമ്പം തേനി തിരുവള്ളൂര്‍ കോളനിയിലെ ബട്ടപ്പന്‍ എന്ന് വിളിക്കുന്ന സുന്ദരനാണ് അറസ്റ്റിലായത്.
ഈ മാസം അഞ്ചിന് മരുതയൂര്‍ കുട്ടപ്പന്റെ വീട്ടിലെത്തി വാതില്‍ തകര്‍ത്ത് കുട്ടപ്പനെ തലയ്‌ക്കടിച്ച് വീഴ്‌ത്തുകയും മകള്‍ വിനീതയെ ആക്രമിച്ച് കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ച കേസിലെ പ്രതിയാണ് സുന്ദരനെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലും വീടുണ്ട്.
ഈ മാസം 19ന് ഗുരുവായൂര്‍ ആര്യഭട്ട കോളജിന് സമീപം പനയ്‌ക്കല്‍ ജേക്കബിന്റെ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 12 പവന്റെ സ്വര്‍ണം കവര്‍ന്നത് സുന്ദരന്‍ ഉള്‍പ്പെട്ട സംഘമാണ്. അന്തിക്കാട് ചെമ്മാപ്പിള്ളിയില്‍ വീട്ടുകാരെ ആക്രമിച്ച് മൂന്നേക്കാല്‍ പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും മുഖ്യ പ്രതിയാണിയാളെന്ന് സി.ഐ. ഇ.ബാലകൃഷ്ണന്‍ പറഞ്ഞു. സംഘത്തിലെ മറ്റ് മൂന്നു പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കവര്‍ച്ചമുതല്‍ വില്‍പന നടത്താന്‍ പ്രതികളെ സഹായിക്കുന്ന ചങ്ങരംകുളത്ത് കത്തി കച്ചവടം വിനോദ് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കവര്‍ച്ച നടത്തിയ 15 പവനോളം സ്വര്‍ണം പൊലീസ് കണ്ടെടുത്തു. പകല്‍ സമയങ്ങളില്‍ ആമ പിടിത്തം, ആക്രി സാധനങ്ങള്‍ പെറുക്കല്‍, കത്തി മൂര്‍ച്ച കൂട്ടല്‍, കക്കൂസ് വൃത്തിയാക്കല്‍ എന്നീ ജോലികള്‍ക്കെത്തുന്ന പ്രതികള്‍ രാത്രിയില്‍ ട്രൗസര്‍ മാത്രം ധരിച്ച് ആയുധങ്ങളുമായി എത്തി വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച നടത്തുകയാണ് ചെയ്യുന്നത്. ചങ്ങരംകുളത്ത് ആളൊഴിഞ്ഞ പാടത്താണ് ഇവര്‍ കുടുംബമായി താമസിച്ചിരുന്നത്. പണിയെടുത്ത് പരിചയമുള്ള സ്ഥലങ്ങളിലാണ് ഇവര്‍ കവര്‍ച്ച നടത്താനെത്തുന്നതെന്ന പ്രത്യേകതയുണ്ട്. കൂട്ടുപ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ പി.എ.ശിവദാസന്‍ പറഞ്ഞു.
ഗുരുവായൂര്‍ സിഐ ഇ.ബാലകൃഷ്ണന്‍, ടെമ്പിള്‍ സിഐ രാജേഷ് കുമാര്‍, പാവറട്ടി എസ്‌ഐ അരുണ്‍ഷാ, അഡീഷണല്‍ എസ്‌ഐ വര്‍ഗീസ്, എഎസ്‌ഐ സുരേഷ് കുമാര്‍, സീനിയര്‍ സിപിഒമാരായ കെ.എന്‍.സുകുമാരന്‍, പി.എസ്.അനില്‍, സിപിഒമാരായ അബു താഹിര്‍, ആന്റണി, റെനില്‍, സൗമ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
















