കല്‍പ്പറ്റ: സമ്പൂര്‍ണ വൈദ്യൂതീകരണ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരെ സമയപരിധിക്കുള്ളില്‍ ലക്ഷ്യം നേടാനാവാത്തതിന്റെ ജാള്യതയില്‍ അക്രമിക്കുന്നതും ആക്ഷേപിക്കുന്നതും അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ബത്തേരി സെക്ഷന്‍ ഓഫീസില്‍ ചെന്ന ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്ന ആരോപണം വ്യാജമാണ്. മര്‍ദ്ദിക്കപ്പെട്ടതായി ആരോപണം ഉന്നയിച്ച വ്യക്തി ഔദ്യോഗികാനുമതി ഇല്ലാതെയാണ് കല്‍പ്പറ്റയിലുള്ള ഓഫീസില്‍ നിന്നും ബത്തേരിയിലെ ഓഫീസിലെത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഓഫീസ് രേഖകളില്‍ പിന്നീട് എഴുതിച്ചേര്‍ക്കുകയായിരുന്നു. ഇയാള്‍ ചുരുങ്ങിയ സര്‍വ്വീസ് കാലയളവില്‍ പല ഓഫീസുകളിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ച് പലതവണ അച്ചടക്ക നടപടികള്‍ക്ക് വിധേയനായതാണ്. ഇയാള്‍ക്കനുകൂലമായി വ്യാജതെളിവുകള്‍ കൊടുക്കാന്‍ മറ്റു ജീവനക്കാരെ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായി പരാതിയുണ്ട്. സമ്പൂര്‍ണ വൈദ്യൂതീകരണ പ്രക്രിയ പാതിവഴിയില്‍ എത്തിനില്‍ക്കുകയാണ്. ലക്ഷ്യമിട്ടതിന്റെ പകുതി പോലും ഇതുവരെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. പ്രവൃത്തിയുടെ ഗൗരവം ഉള്‍കൊണ്ട് എല്ലാ സെക്ഷന്‍ ഓഫീസുകളിലും അസി. എന്‍ജീനിയര്‍മാരെ പോലും നിയമിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പല സ്ഥലങ്ങളിലും അധിക ചാര്‍ജ് വഹിക്കുന്ന സബ് എന്‍ജിനീയര്‍മാര്‍ ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഇതിനിടയിലാണ് സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പ്രവൃത്തികള്‍ നടത്തേണ്ടത്. ഇങ്ങനെയൊക്കെ ഫീല്‍ഡില്‍ ജോലിയെടുക്കുന്ന ജീവനക്കാരെ അധിക്ഷേപിച്ച് മനോവീര്യം തകര്‍ക്കുന്ന നടപടിയാണ് ചില ഭരണപക്ഷ സംഘടനകള്‍ സ്വീകരിക്കുന്നത്. സമ്പൂര്‍ണ വൈദ്യുതീകരണ പ്രക്രിയയില്‍ സഹകരിക്കുന്ന ജീവനക്കാരെ ഓഫീസില്‍ കയറി മര്‍ദ്ദിക്കുന്നതിനും ആക്ഷേപിക്കുന്നതിലും കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രതിഷേധിച്ചു. ബേബി പ്രശാന്ത് അധ്യക്ഷനായിരുന്നു. കെ എം ജംഹര്‍, എല്‍ദോ കെ ഫിലിപ്പ്, കെ യു ജോര്‍ജ്ജ്, പി ജി രമേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: