തലശ്ശേരി: എല്‍ഡിഎഫ് ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുവമോര്‍ച്ച ജില്ലാസെക്രട്ടറി ലസിതാ പാലക്കലിന്റെ വീടിന് നേരെയുണ്ടായ അക്രമമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആരോപിച്ചു. എല്‍ഡിഎഫ് അധികാരത്തിലേറിയ ശേഷം അഞ്ച് തവണയാണ് ഇവരുടെ വീടിന് നേരെ സിപിഎം സംഘം അക്രമം അഴിച്ചുവിട്ടത്. കുടിവെള്ളം പോലും മുട്ടിക്കുന്ന തരത്തില്‍ കിണറില്‍ മാലിന്യം തള്ളുന്ന പ്രാകൃത രീതിയാണ് സിപിഎം കൈക്കൊണ്ടത്. പ്രമുഖ സിപിഎം നേതാക്കളുടെ അറിവോടെയാണ് ഒരുപറ്റം ക്രിമിനലുകള്‍ അക്രമം നടത്തുന്നത്. നടപടിയെടുക്കേണ്ട പോലീസാകട്ടെ പ്രതികളെ രക്ഷപ്പെടുത്താനുള്ള ഏകപക്ഷീയമായ നടപടികളാണ് സ്വീകരിക്കുന്നത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ട പോലീസ് അക്രമിക്കപ്പെട്ടവരുടെപേരില്‍ ജാമ്യമില്ലാ വകുപ്പ്ഉപയോഗിച്ച് കേസെടുക്കുന്ന പ്രാകൃത നടപടികള്‍ പോലും ജില്ലയില്‍ ചെയ്തുവരികയാണ്. നിരന്തരം കടുത്ത മനുഷ്യാവകാശ ധ്വംസനം നടത്തുന്ന സിപിഎമ്മിനെതിരെ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം ജനങ്ങള്‍ തിരിച്ചറിയണമെന്നും സത്യപ്രകാശ് പറഞ്ഞു. അക്രമിക്കപ്പെട്ട ലസിതയുടെ വീട് സത്യപ്രകാശ് സന്ദര്‍ശിച്ചു.
















