കോഴഞ്ചേരി: പുല്ലാട് കുറുങ്ങഴക്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പമഹാസത്രം ആരംഭിച്ചു.ഇന്നലെ പുലര്‍ച്ചെ അഷ്ടദ്രവ്യഗണപതിഹോമത്തിനുശേഷം സത്രവേദിയില്‍ അയ്യപ്പവിഗ്രഹപ്രതിഷ്ഠയും 8.30ന് കോടിയേറ്റും നടന്നു.വൈകിട്ട് 3ന് സത്രം ഉദ്ഘാടനസഭയാരംഭിച്ചു.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്ഉദ്ഘാടനം ചെയ്തു.
ഈശ്വരനോടുള്ള പ്രാര്‍ത്ഥന അതീവ മൂര്‍ച്ചയേറിയ ആയുധമാണെന്ന്ഉദ്ഘാടനപ്രസംഗത്തില് അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും മനുഷ്യന്റെ കഷ്ടപ്പാടുകളിലും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് പ്രാര്‍ത്ഥന മാത്രമാണെന്നും പ്രയാര്‍ പറഞ്ഞു.
സ്വാമി അയ്യപ്പദാസ് അധ്യക്ഷനായിരുന്നു. ബി.ജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അയ്യപ്പസത്ര സന്ദേശം നല്കി. സത്രത്തോടനുബന്ധിച്ച് നടന്ന ഗോദാന കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു.
എല്ലാവരും ഒരുമയോടെ ജപിക്കുന്ന സ്വാമിയേ ശരണമയ്യപ്പ എന്ന മന്ത്രം ദേശീയോദ്ഗ്രഥനത്തിന്റെയും മന്ത്രമാണ് എന്ന് കുമ്മനംരാജശേഖരന് പറഞ്ഞു.അയ്യപ്പന് തത്വമോ, സിദ്ധാന്തമോ അല്ല. അത് ദര്‍ശനമാണ്. ദര്‍ശനം സംഭവിക്കുന്നത് ഉള്ളിലാണ്. പൊന്നമ്പലമേട്ടിലെ ജ്യോതിയിലൂടെ അയ്യപ്പനെയാണ് ദര്‍ശിക്കുന്നത്. പൂങ്കാവനം ജൈവ വൈവിദ്ധ്യമാണ്. അത് അയ്യപ്പനാണ്. അതിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശമാണ് നല്‍കുന്നത്.അസൗകര്യങ്ങള്‍ നിറഞ്ഞ സമയത്തും, ഭക്തജനത്തിരക്ക് ശബരിമലയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അയ്യപ്പന് എന്നു പറയുന്നത് സത്യമാണ്. അത് നശിപ്പിക്കുവാന്‍ സാദ്ധ്യമല്ല. രാഷ്ട്ര ഏകീകരണത്തിനും അയ്യപ്പമന്ത്രം ഉപകരിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
വാഴൂര്‍ തീര്ത്ഥാപാദാശ്രമ ജനറല്‍ സെക്രട്ടറി ഗരുഢധ്വജാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി പ്രസന്നന്, തിരുവിതാംകൂര്‍ വികസന സമിതി ചെയര്മാന് പി.എസ്. നായര്‍, മഞ്ചേരി ഭാസ്കരന്‍നായര്‍, അജയകുമാര്‍ വല്ലൂഴത്തില്‍, അജിത് പുല്ലാട്, പി. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ രാവിലെ 11 ന് പ്രശസ്ത സിനിമ പിന്നണി ഗായകന് ജയനും സംഘവും അയ്യപ്പഗാനാമൃതം അവതരിപ്പിച്ചു. ശ്രീഭൂതനാഥ ഉപാഖ്യാനം, അയ്യപ്പസഹസ്രനാമം, ദീപാരാധന, പുഷ്പാഭിഷേകം, കളഭാഭിഷേകം എന്നിവ നടന്നു. രാത്രി 11 ന് ഹരിവരാസനത്തോടുകൂടി അയ്യപ്പസത്രവേദിയിലെ പ്രത്യേകമായി നിര്‍മ്മിച്ച ക്ഷേത്ര നട അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: