നിരണം: ശക്തമായി പെയ്യുന്ന വേനല്‍ മഴ അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷരെ ആശങ്കയിലാഴ്ത്തുന്നു. കൊയ്ത്തിന് പാകമായ പാടശേഖരങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. അടുത്ത ആഴ്ച കൊയ്തു നടക്കേണ്ട നിരണം, കടപ്ര പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ നെല്ല് മുഴുവനും വീണ് വെള്ളത്തില്‍ കിടക്കുകയാണ്.
കഴിഞ്ഞ ് ദിവസങ്ങളിലായി ശക്തമായ മഴയും കാറ്റുമാണ് ഇവിടെ ഉണ്ടായത്. നിരണം പഞ്ചായത്തിലെ ഇടയോടി ചെമ്പ്, ഇരതോട്, നിരണത്തു തടം, തുടങ്ങിയ പാടശേഖരങ്ങളിലും കടപ്ര പഞ്ചായത്തിലെ ചേന്നങ്കരി, അയ്യങ്കോനാരി, പരുത്തിക്കല്‍ പാടശേഖരങ്ങളിലും നല്ലൊരു ഭാഗവും നെല്ല് വീണു പോയി. വീശിയടിക്കുന്ന കാറ്റാണ് നെല്ല് വീഴുന്നതിന് കാരണമാകുന്നത്
വിളവ് പാകമായ ഏക്കര്‍ കണക്കിന് പാടശേഖരങ്ങളാണ് ഇപ്പോഴും കൊയ്ത്തു കാത്തുകിടക്കുന്നത്.വേങ്ങല്‍ പാടം, കൈപ്പാല പടിഞ്ഞാറ്, പാരൂര് കണ്ണാട്. പാണാകേരി, പടവിനകം തുടങ്ങിയ പാടശേഖരങ്ങളില്‍ എല്ലാം വേനല്‍മഴയെ തുടര്‍ന്ന് വെളളക്കെട്ട് ഉണ്ട് മഴയെത്തുടര്‍ന്ന് പാകമായ നെല്‍ചെടികളെല്ലാം ചരിഞ്ഞ് കിടക്കുന്ന നിലയിലാണ്.വീണ് കിടക്കുന്ന നെല്ല് കിളിര്‍ക്കാന്‍ സാദ്ധ്യതയുണ്ട്.കൊയ്ത്ത് യന്ത്രങ്ങള്‍ പാടശേഖരങ്ങളില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇറക്കാന്‍ കഴിയില്ല.
കൊയ്ത് യന്ത്രം കൊണ്ടാണെങ്കിലും അനുബന്ധ തൊഴിലിന് തൊഴിലാളികളുടെ ക്ഷാമവുമുണ്ട്.കൃഷിയിറക്കാന്‍ താമസിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം എന്ന് കര്‍ഷകര്‍ തന്നെ പറയുന്നു..കഴിഞ്ഞ വര്‍ഷം വേനല്‍മഴക്ക് മുന്‍പ് തന്നെ കൊയ്ത് ഇവിടെ പൂര്‍ത്തികരിച്ചിരുന്നു.കൃഷി വിളവെടുക്കാന്‍ പാകമായിട്ടും അര്‍ഹമായ ആനൂകൂല്യങ്ങള്‍ നല്കാന് ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.
അപ്പര്‍കുട്ടനാട് ഉള്‍പ്പെടെ താലൂക്കിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയവര്‍ക്കാണ് ഇവ കിട്ടാനുള്ളത്. കൂലി, വളം, കീടനാശിനി തുടങ്ങിയവയ്ക്കുളള സബ്സിഡി എന്നിവയൊക്കെയാണ് ലഭിക്കാനുള്ളത്. നെല്‍ച്ചെടിക്ക് നാല്പത്തിയഞ്ചുദിവസം പ്രായമായി. മിക്കയിടത്തും രണ്ടാം വളവുമിട്ടു. ഇത്രമായിട്ടും ആനുകൂല്യങ്ങളുടെ പ്രഖ്യാപനം മുറപോലെ നടന്നതല്ലാതെ സഹായം എങ്ങുമെത്തിയില്ല.സുസ്ഥിര നെല്‍വികസന പദ്ധതി, ആര്.കെ.വി.വൈ. എന്നിവപ്രകാരമാണ് സര്‍ക്കാര്‍ നെല്‍കൃഷിക്ക് സഹായങ്ങള്‍ നല്‍കുന്നത്. ഇതില്‍ ഉഴവുകൂലി ഹെക്ടറിന് ആറായിരംരൂപ വീതമാണ് കൊടുക്കേണ്ടത്. മിക്കവരും ട്രാക്ടര്‍ ഉപയോഗിച്ച് ഏക്കറുക്കണക്കിന് പാടശേഖരങ്ങള്‍ ഉഴവുനടത്തിയത് കടം വാങ്ങിയാണ്. മണിക്കൂറിന് എണ്ണൂറുരുപ വരെ കൂലി നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഉല്പാദന ബോണസ്സും നല്‍കിയിട്ടില്ല. ഹെക്ടറിന് ആയിരം രൂപയാണ് നല്‍കുന്നത്. നോട്ടുപ്രതിസന്ധി കൂടി വന്നതോടെ കര്‍ഷകരുടെ കാര്യം കഷ്ടത്തിലായി. പാടത്തെ പണിക്കായി തൊഴിലാളികളെ ഒന്നോ രണ്ടോ ദിവസമേ നിര്‍ത്താന്‍ കഴിയൂ.
പതിനഞ്ചും ഇരുപതും പേരുവരെ ഇതിനായി നിര്‍ത്തേണ്ടി വരുന്നുണ്ട്. ഇവര്‍ക്കു കൂലി കൊടുക്കുന്നതിന് ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന പിരിധി തുകയുടെ ഇരട്ടിവരെ കൊടുക്കേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ ഇത് ബുദ്ധിമുട്ടായി മാറുന്നു. നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, കവിയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരാണ് സര്‍ക്കാര്‍ സഹായം കാത്തുകഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: