മാവേലിക്കര: മരണവീട്ടില്‍ മോഷണം, മുപ്പതിനായിരം രൂപ നഷ്ടമായി. കുറത്തികാട് വരേണിക്കല്‍ കൊട്ടയ്‌ക്കാട്ട് സാബുവിന്റെ വീട്ടില്‍ ഇയാളുടെ അച്ഛന്‍ പാപ്പച്ചന്റെ സംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു മോഷണം നടന്നത്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അഞ്ചു ബാഗുകളില്‍ നിന്നാണ് പണം നഷ്ടമായത്. സംസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്. വീടിനു വെളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയം റോസ് നിറത്തിലുള്ള സാരി ധരിച്ചെത്തിയ വെളുത്ത് നീളമുള്ള ഒരു സ്ത്രീ വീടിനുള്ളില്‍ കയറുന്നതും അകത്തു കയറി മുറികള്‍ അടയ്‌ക്കുന്നതും ഇവരുടെ ബന്ധുവായ മറ്റൊരു സ്ത്രീ കണ്ടിരുന്നു.
എന്നാല്‍ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവായിരിക്കാമെന്നാണ് ഇവര്‍ കരുതിയത്. വീടിനുള്ളിലെ അലമാരയിലെ തുണികളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. ചടങ്ങുകളുടെ വീഡിയോ പരിശോധിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. കുറത്തികാട് പോലീസില്‍ പരാതി നല്‍കി.
അടുത്തകാലങ്ങളിലായി വരേണിക്കല്‍ ഭാഗത്ത് മോഷണം പതിവായിരിക്കുകയാണ്. കുന്നംകുഴി ക്ഷേത്രം, അയ്യന്‍കോവില്‍ ക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്കവഞ്ചി രണ്ടു തവണ കുത്തിത്തുറന്ന് പണം അപഹരിച്ചെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
















