കുറ്റിപ്പുറം: കുപ്രസിദ്ധരായ മൂന്ന് കഞ്ചാവ് വില്‍പ്പനക്കാരെ കുറ്റിപ്പുറം എക്സൈസ് സംഘം പിടികൂടി. വളാഞ്ചേരി ഇരുമ്പിളിയം സ്വദേശിയായ ഇല്ലത്തുപറമ്പില്‍ വേലായുധന് മകന് വിനോദ് കുമാര്‍ എന്ന വിനു(22), അല്ലൂര്‍ പുതുക്കിടി വീട്ടില്‍ ഷാഹുല്‍ ഹമീദ്(29), കോട്ടക്കല്‍ പുത്തൂര്‍ പുളിക്കല്‍ വീട്ടില്‍ അഷറഫ്(36) എന്നിവരാണ് പിടിയിലായത്. ഇവര്‍ ഏറെനാളായി പോലീസിനും എക്സൈസിനും തലവേദന സൃഷ്ടിച്ചവരാണ്. വിനോദ്കുമാറിനെ ഇരിമ്പിളിയം ഹൈസ്കൂള്‍ പരിസരത്ത് നിന്നും ഷാഹുല്‍ ഹമീദിനെ കുറ്റിപ്പുറത്ത് നിന്നും അഷ്റഫിനെ കോട്ടക്കല്‍ പുത്തൂര്‍ ബൈപാസില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ചെറുപായ്ക്കറ്റുകളിലാക്കി വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവും രണ്ട് കാറുകളും ഒരു ബുള്ളറ്റ് ബൈക്കടക്കം മൂന്ന് വാഹനങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് തൂതപ്പുഴയോരത്ത് നിന്നും കഞ്ചാവ് വില്‍പ്പനക്കിടെ എക്സൈസ്കാരെ വെട്ടിച്ച് പുഴയില്‍ ചാടി രക്ഷപ്പെട്ട പ്രതിയാണ് വിനോദ്കുമാര്‍. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാനമായും ഇയാള്‍ കഞ്ചാവ് വില്‍പ്പനനടത്തിയിരുന്നത്.
നിരവധി കഞ്ചാവ് കേസുകളിലും മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയായ ഷാഹുല്‍ ഹമീദ് പുത്തനത്താണി കോട്ടക്കല്‍ ഭാഗങ്ങളിലാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഇയാളെ കുറിച്ച് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് വാട്ട്സ് ആപ്പില്‍ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡെപ്യൂട്ടി എക്സൈസ്കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം ഇയാളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എല്‍.ബിനുകുമാര്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ രവീന്ദ്രനാഥ്, പ്രിവന്റീവ് ഓഫീസര്‍ എ.കെ.രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിബുശങ്കര്‍ ,സുനീഷ്, ഹംസ, ഷിഹാബുദ്ധീന്, സ്മിത, ഡ്രൈവര്‍ കെ.ഗണേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: