മലപ്പുറം: ഉപതെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുങ്ങി. പ്രധാന കക്ഷികളെല്ലാം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ. എന്‍.ശ്രീപ്രകാശ്(എന്‍ഡിഎ), പി.കെ.കുഞ്ഞാലിക്കുട്ടി(യുഡിഎഫ്), എം.ബി.ഫൈസല്‍(എല്‍ഡിഎഫ്) എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ നേതൃത്വങ്ങളും പ്രവര്‍ത്തകരും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
എന്നാല്‍ മുസ്ലീം ലീഗിനെ സഹായിക്കുന്ന നിലപാടാണ് എല്‍ഡിഎഫ് പ്രത്യേകിച്ച് സിപിഎം സ്വീകരിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയമാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. പിണറായി വിജയന്റെ ദുര്‍ഭരണം തെരഞ്ഞെടുപ്പില്‍ ഒരിക്കലും ചര്‍ച്ചയാകരുതെന്ന് സിപിഎമ്മിന് നിര്‍ബന്ധമുണ്ട്. ലീഗിനെ പ്രകോപിപ്പിച്ചാല്‍ അതിന് വഴിയൊരുങ്ങുമെന്നും അതുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും തന്ത്രം മാത്രമായി മത്സരം ഒതുക്കുകയുമാണ് പാര്‍ട്ടിയുടെ രഹസ്യ തീരുമാനം. ക്ഷയിച്ചു കൊണ്ടിരിക്കുന്ന യുഡിഎഫില്‍ നിന്ന് ഏത് സമയത്തും ലീഗ് തങ്ങളോടൊപ്പം ചേരുമെന്നും സിപിഎം കണക്കുകൂട്ടുന്നു.
എന്നാല്‍ ഇ.അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. തറുമാറായ മുന്നണി ബന്ധത്തിനിടയില്‍ എങ്ങന ഇത്രയും വോട്ട് നേടിയെടുക്കുമെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം. പി.കെ.കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രമൊതുങ്ങുന്ന കുടുംബാധിപത്യമുള്ള പാര്‍ട്ടിയായതുകൊണ്ട് ചെറിയ പ്രശ്നങ്ങള്‍ പോലും പെട്ടെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടും. എന്നാല്‍ എല്‍ഡിഎഫിന്റെ ജനസമ്മതി കുറഞ്ഞതാണ് ലീഗിനുള്ള ഏക ആശ്വാസം. പക്ഷേ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പോലും ബിജെപി ശക്തിപ്രാപിക്കുന്നത് തലവേദനയാകുന്നുണ്ട്. ജാതി മത രാഷ്ട്രീയത്തിന് അതീതമായി നരേന്ദ്രമോദി രാജ്യത്തെ സേവിക്കുന്നത് ലീഗിനെ പോലെ വര്‍ഗീയത മുഖമുദ്രയാക്കിയ പ്രാദേശിക പാര്‍ട്ടികളെയാണ് ബാധിച്ചിരിക്കുന്നത്.
എല്‍ഡിഎഫും യുഡിഎഫും പലതരം പ്രശ്നങ്ങളാല്‍ വീര്‍പ്പുമുട്ടുമ്പോള്‍ ബിജെപി ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇരുമുന്നണികളുടെയും കള്ളപ്രചാരണത്തില്‍ അകപ്പെട്ട് കഴിഞ്ഞിരുന്ന മലപ്പുറത്തെ സാധാരണ ജനങ്ങള്‍ സത്യം മനസിലാക്കി ദേശീയതയോട് അടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാം ശരിയാക്കി തരാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയമാണ്. അതിനെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷത്തുള്ള ലീഗ് അടക്കമുള്ളവര്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ബിജെപി ഏറ്റെടുത്ത എല്ലാ സമരങ്ങളും വിജയം കണ്ടു. ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന പാര്‍ട്ടിയായി ബിജെപി മാറി. മണ്ഡലത്തില്‍ സുപരിചിതനായ അഡ്വ.എന്‍.ശ്രീപ്രകാശിനെ രംഗത്തിറക്കുന്ന ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എതിരാളികള്‍ക്ക് പോലും സംശയമില്ല. ഏപ്രില്‍ 17ന് ലീഗിന്റെ അഹങ്കാര രാഷ്ട്രീയത്തിനും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ജനങ്ങള്‍ നല്കിയ മറുപടി വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: