സ്വന്തം ലേഖകന്‍
നിലമ്പൂര്‍: മൂന്നാമത് ഐഎഫ്എഫ്കെ നിലമ്പൂര്‍ മേഖലാ ചലച്ചിത്രോത്സവം സിപിഎമ്മിന്റെ ഏരിയാ സമ്മേളനമാക്കിയെന്ന് പരാതി. നിലമ്പൂരിന്റെ കലാ, സാംസ്ക്കാരിക രംഗങ്ങളിലുള്ളവരെ അവഗണിച്ച മേളയില്‍ നിറഞ്ഞു നിന്നത് സിപിഎം നേതാക്കളായിരുന്നു.
സ്വാഗതസംഘയോഗത്തില്‍ സിപിഐ അടക്കമുള്ള ഘടകകക്ഷികളെപ്പോലും പങ്കെടുപ്പിച്ചില്ല. നേരത്തെ രണ്ടുതവണ നിലമ്പൂരില്‍ നടന്ന മേഖലാ ചലച്ചിത്രമേളയുടെ സ്വാഗതസംഘത്തില്‍ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം പ്രാതിനിധ്യമുണ്ടായിരുന്നു.
എന്നാല്‍ ഇത്തവണ പി.വി.അന്‍വര്‍ എംഎല്‍എ ചെയര്‍മാനും സിപിഎം ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷന് കണ്‍വീനറുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്. ഏരിയാ കമ്മിറ്റി അംഗം മാട്ടുമ്മല്‍ സലീമാണ് ട്രഷറര്‍.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഉള്ളതിനാല്‍ ഉദ്ഘാടനം ചടങ്ങ് ഉണ്ടായിരുന്നില്ല. ചലച്ചിത്ര സംവിധായകന് കമലിനെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു പരിപാടി, എന്നാല്‍ കളക്ടര്‍ ഇടപെട്ട് അത് തടഞ്ഞു. ചലച്ചിത്രമേള നടക്കുന്ന ഫെയറിലാന്റ് തിയറ്ററിന്റെ കവാടങ്ങളില്‍ ഇന്നലെ രാവിലെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും കൊടി തോരണങ്ങള്‍ ഉയര്‍ത്തിയെങ്കിലും ചലച്ചിത്ര അക്കാദമിക്കാര് ഇടപെട്ടതോടെ അവ അഴിച്ചുമാറ്റി.
നാളെ വൈകിട്ട് അഞ്ചിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിലമ്പൂരിലെ സിനിമാ പ്രവര്‍ത്തകരെ ആദരിക്കും.
നിലമ്പൂര്‍ ആയിഷ, സീനത്ത്, നിലമ്പൂര്‍ ഹഫ്സത്ത്, കൃഷ്ണചന്ദ്രന് എന്നിവരെയാണ് ആദരിക്കുന്നത്. മൂന്നു സിനിമകളിലൂടെ നിരവിധി ദേശീയ സംസ്ഥാന രാജ്യാന്തര പുരസ്ക്കാരങ്ങള്‍ ലഭിച്ച ആര്യാടന് ഷൗക്കത്തിനെ രാഷ്ട്രീയത്തിന്റെ പേരില്‍ അവഗണിച്ചത് വിവാദമായിട്ടുണ്ട്.
ഇത് അന്വേഷിക്കുമെന്ന ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന്റെ നിലപാടും സംഘാടകര്‍ക്കു തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: