പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിക്കുന്നത് പത്തനംതിട്ട ജില്ലയില്‍.
മാര്‍ച്ച് ആദ്യവാരം തുടങ്ങിയ വേനല്‍ മഴ ജില്ലയില്‍ 11.9 സെന്റീമീറ്റര്‍ രേഖപ്പെടുത്തി. മറ്റ് ജില്ലകളിലെല്ലാം ആറ് സെന്റീമീറ്ററില്‍ താഴെയാണ് മഴ ലഭിച്ചിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ജില്ലയിലെ കോന്നി, അയിരൂര്‍ എന്നീ മഴമാപിനികളിലെ അളവുകളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്.
കിഴക്കന്‍ മലയോര മേഖലയായ കോന്നിയില്‍ റെക്കോഡ് മഴയാണ് ഇത്തവണ ലഭിച്ചത്. 6.7 സെന്റീമീറ്റര്‍ വരെ ചില ദിവസങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെയ്ത ദിവസങ്ങളിലെല്ലാം രണ്ട് സെന്റീമീറ്ററില്‍ കുറയാതെയുമുണ്ട്. അയിരൂരില്‍ 6.2 സെന്റീമീറ്റര്‍ മഴ ലഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ശരാശരി രണ്ട് സെന്റീമീറില് താഴെയാണ് ഇതേ സമയം മഴ ലഭിച്ചത്. ഇത്തവണ 850 ശതമാനം അധിക മഴ ലഭിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഈ സമയം ആറ് മില്ലീമിറ്റര്‍ മഴയാണ് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നത്. ഇത്തവണ 3.5 സെന്റീമീറ്റര്‍ ലഭിച്ചു. പതിവിലും 576 മടങ്ങ് കൂടുതലാണിത്. സംസ്ഥാനത്ത് ഈ ആഴ്ച്ചയില്‍ ശരാശരി ലഭിക്കേണ്ടിയിരുന്നത് 6 മില്ലീലിറ്റര്‍ മഴയാണ്. ഇതുവരെ 3.5 സെന്റീമീറ്റര്‍ ലഭിച്ചു. പതിവിലും 575 മടങ്ങ് അധികമാണിത്.
കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസമാണ് മാര്‍ച്ച്. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി അവസാനവാരം വരെ സംസ്ഥാനത്ത് 47 ശതമാനം മഴ കുറവായിരുന്നു. തുലാമഴയും കാര്യമായി പെയ്തില്ല. വേനല്‍മഴ തുടരുന്ന സാഹചര്യത്തില്‍ മഴയുടെ അളവ് വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ.
മുന്‍ വര്‍ഷങ്ങളില്‍ ഇടുക്കി, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് റെക്കോഡ് വേനല്‍ മഴ ലഭിച്ചത്.
ജില്ല തിരിച്ചുള്ള കണക്ക് (സെന്റീമീറ്ററില്‍),
പത്തനംതിട്ട 11.9, ഇടുക്കി 5.7, തിരുവനന്തപുരം 5.5, എറണാകുളം 5.3,
പാലക്കാട് 4.3, കോട്ടയം 3.5, കൊല്ലം 2.9, ആലപ്പുഴ 2.9, തൃശൂര്‍ 1.9, മലപ്പുറം 1.2, കോഴിക്കോട് 1, വയനാട് 1,
കണ്ണൂര്‍ 4 മില്ലീമീറ്റര്‍, കാസര്‍കോഡ് 1. 2 മില്ലീമീറ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: