പത്തനാപുരം: നഷ്ടപ്പെട്ട വീട് സുമനസുകളുടെ സഹായത്തോടെ വീണ്ടെടുക്കാനായതിന്റെ സന്തോഷത്തിലാണ് റോഷ്‌നി എന്ന പതിനേഴുകാരി. ഇനി റോഷ്‌നിയ്‌ക്കും കുടുംബത്തിനും സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. നാടിന്റെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ നിര്‍ധനകുടുംബം ഇനിമുതല്‍ സ്വന്തം വീട്ടില്‍ താമസിക്കും.
പട്ടാഴി ഗ്രാമപഞ്ചായത്തിലെ കൊച്ചിക്കടവ് കുന്നുംപുറത്ത് താഴേതില്‍ രമേഷ്ബാബു-ശാലിനി ദമ്പതികളുടെ മകള്‍ റോഷ്‌നി (17) യും പ്രായമായ മുത്തശ്ശി കല്ല്യാണിയമ്മ (71) യും സഹോദരങ്ങളായ അരുണ്‍ (11), അഖില്‍ (10), നിഖില്‍ (9) എന്നിവരും ദുരിതം പേറി വാടകവീട്ടിലാണ് ദിവസങ്ങള്‍ തള്ളി നീക്കിയിരുന്നത്.ഇവരുടെ ദുരിതജീവിതം ജന്മഭൂമിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന സ്വത്ത് വിറ്റ് വീതിച്ചെടുത്ത് മക്കളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ ഇരുവഴിയ്‌ക്ക് പോയതോടെയാണ് ഇവര്‍ മുത്തശ്ശിയുടെ തണലില്‍ എത്തിയത്.
സ്വന്തമായി ഉണ്ടായിരുന്ന വീട് വസ്തുവും വിറ്റ് കിട്ടിയ കാശുമായാണ് അച്ഛനും അമ്മയും രണ്ട് വഴിക്ക് പോയത്. ജീവിക്കാന്‍ ഒരു നിവൃത്തിയും ഇല്ലാതായപ്പോള്‍ സഹോദരങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കായംകുളം കരിമുളയ്‌ക്കലിലെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. തുടര്‍ന്ന് ഇവരെ സഹായിക്കാനായി നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിക്കുകയും ചെയ്തു. കുട്ടികളുടെ ബുദ്ധിമുട്ട് മനസിലാക്കിയ കൃഷിമന്ത്രി ഇവരുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തു. ഇതിനിടെ മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിലും ബാലാവകാശകമ്മീഷനിലും ജില്ലാ കളക്ടര്‍ക്കും ഇവരുടെ ദയനീയാവസ്ഥ വിവരിച്ച് പഞ്ചായത്ത് അധികൃതര്‍ അപേക്ഷകള്‍ നല്‍കി.
എന്നാല്‍ പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചില്ല. എല്ലാവരും വാഗ്ദാനങ്ങളില്‍ മാത്രം തങ്ങളുടെ ബാധ്യത ഒതുക്കിയപ്പോള്‍ പട്ടാഴി പഞ്ചായത്ത് വൈസ്പ്രസിഡന്റ് മീനം രാജേഷിന്റെ നിശ്ചയദാര്‍ഡ്യമാണ് റോഷ്‌നിയുടെ സ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്നത്. രാജേഷിന്റെ നേതൃത്വത്തില്‍ ബാങ്കില്‍ അക്കൗണ്ട് രൂപീകരിക്കുകയും ചെയ്തു. ഫേസ്ബുക്ക് കൂട്ടായ്‌മയും വിദേശമലയാളികളും നാട്ടുകാരും ചേര്‍ന്നപ്പോള്‍ റോഷ്‌നിയ്‌ക്ക് വീടിനായി 537000 രൂപ ലഭിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ വിറ്റ വീട് തന്നെ വാങ്ങുകയും ചെയ്തു. വീടിനായി 496000 രൂപ ഇപ്പോഴത്തെ ഉടമസ്ഥന് നല്‍കി. പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളില്‍ നിന്നും 75 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ച റോഷ്‌നിക്ക് ഡോക്ടറാകാനാണ് ആഗ്രഹം. ഇപ്പോള്‍ താമരക്കുടി ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കുകയാണ്. സുമനസ്സുകളുടെ സഹായത്തോടെയാണ് പഠനം നടക്കുന്നത്. എത്രയും പെട്ടെന്ന് തങ്ങള്‍ക്ക് നഷ്ടമായ വീട്ടില്‍ സഹോദരങ്ങള്‍ക്കും മുത്തശ്ശിക്കുമൊപ്പം ജീവിക്കാമെന്ന പ്രതീക്ഷയാണ് റോഷ്‌നിക്കുള്ളത്.
















