ആലപ്പുഴ: നഗരത്തിന്റെ പലഭാഗങ്ങളിലും തണ്ണീര്‍ത്തടങ്ങളും പാടങ്ങളും വ്യാപകമായി അധികൃതരുടെ ഒത്താശയോടെ നികത്തുന്നു. ആലപ്പുഴ പുന്നമട കിഴക്കേ തോട്ടാത്തോടില്‍ എസ്എന്‍ ജങ്ഷനു കിഴക്കോട്ടുള്ള റോഡില്‍ പള്ളിച്ചിറ ഭാഗത്തു ഏക്കറുകണക്കിന് സ്ഥലമാണ് നികത്തുന്നത്. നഗരസഭാ ചെയര്‍മാന്റെ മൂക്കിനു താഴെയാണ് ഇതു നടക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനെസ്സുമായി നടക്കുന്ന ഒരു കോണ്‍ഗ്രസ് കൗണ്‍സിലര്‍ അധികൃതരുടെ
ഒത്താശയോടെയാണ് റിസോര്‍ട്ട് മാഫിയയ്‌ക്കു ക്വട്ടേഷന്‍ വ്യവസ്ഥയില്‍ നികത്തല്‍ നടത്തുന്നത്.
ഇടതുവലതു മുന്നണികള്‍ പണം വാങ്ങി ഇതിനു കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ ആരോപിച്ചു. തണ്ണീര്‍ത്തടങ്ങള്‍ അതേപടി നിലനിര്‍ത്തണമെന്ന ഉത്തരവ് കാറ്റില്‍ പറത്തിയാണ് നഗ്‌നമായ ഈ ലംഘനം നടത്തുന്നത്.

അധികൃതര്‍ ഇത് തടയുന്നതിനുവേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും നികത്തിയ മണ്ണ് ഇട്ടവരുടെ ചിലവില്‍ തന്നെ എടുത്തുമാറ്റിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കുവാനും ബിജെപി ആലപ്പുഴ മണ്ഡലം കമ്മറ്റി തീരുമാനിച്ചു.

ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, റെജികുമാര്‍ എന്നിവരും മണ്ഡലം ഭാരവാഹികളായ ജി.മോഹനന്‍, കെ.പി. സുരേഷ് കുമാര്‍, ഏരിയ ഭാരവാഹികളായ ശശികുമാര്‍, മനു ഉപേന്ദ്രന്‍, നിഖില്‍ എന്നിവരും സംസാരിച്ചു.
















