പാലക്കാട് : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടായാല് മാത്രമേ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സേവനാവകാശ നിയമത്തെപ്പറ്റി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങള്‍ കൃത്യസമയത്ത് ലഭിക്കുന്നതിനുവേണ്ടിയുള്ളതാണ് സേവനാവകാശനിയമം.
പൊതുജനസേവനത്തിനുള്ളതാണ് നിയമം. അവകാശ സംരക്ഷണത്തിന് വേണ്ടിയാണ് ഇത് നടപ്പാക്കിയത്. എന്നാല്‍ ഉദ്യോഗസ്ഥരോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി ഇതിനെ ദുരുപയോഗം ചെയ്യരുത്. സ്നേഹത്തോടെയുള്ള ആശയവിനിമയം പലപ്രശ്നങ്ങളും പരിഹരിക്കുമെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
സേവനാ-വിവരാവകാശനിയമങ്ങള്‍ പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സഹായകരമാണെന്ന് ഐ.എം.ജി ഫാക്കല്‍റ്റി ലളിത് ബാബു പറഞ്ഞു. സേവനാവകാശത്തിലൂടെ ഭരണനിര്‍വഹണസംവിധാനവും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ സാധിക്കും. നിയമത്തിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി മറുപടി നല്കുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിച്ചെടുക്കാം. വിവരാവകാശ നിയമം പോലെ തന്നെ സേവനാവകാശ നിയമവുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്യോഗസ്ഥരെ ഓരോ ഓഫീസിലും നിയോഗിച്ചിട്ടുണ്ട്. നിയുക്ത ഉദ്യോഗസ്ഥന്റെ (ഡെസിഗ്നേറ്റഡ് ഓഫീസര്‍) ചുമതല, ഒന്നും രണ്ടും അപ്പീല്‍ അധികാരികള്‍,അപേക്ഷയ്ക്ക് രശീത് നല്കല്, മറുപടി നല്‍കുന്നതിന് നിശ്ചിത സമയപരിധി, സേവനം നല്കാനാവുന്നില്ലെങ്കില് അപേക്ഷകന് രേഖാമൂലമുള്ള അറിയിപ്പ് എന്നിവയെ സംബന്ധിച്ച് ക്ലാസില്‍ വിശദീകരിച്ചു.
ന്യായമായ കാരണങ്ങളില്ലാതെ സേവനം നല്കാതിരിക്കുകയോ സേവനം നിശ്ചിത സമയത്തിനകം നല്കാതിരിക്കുകയോ ചെയ്താല്‍ നിയുക്ത ഓഫീസറില്‍ നിന്നും 500 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാം. അപ്പീല്‍ അധികാരി നടപടികള്‍ വൈകിപ്പിച്ചാലും പിഴയും അച്ചടക്കനടപടിയുണ്ടാവും. സര്‍ക്കാറിന്റെ എല്ലാ സേവനങ്ങളും കൃത്യസമയത്ത് ജനങ്ങള്‍ക്ക് ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സേവനാവകാശനിയമത്തിലൂടെ സാധിക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭകുമാരി, ജില്ലാ സാക്ഷരതാ മിഷന് അസി.കോഡിനേറ്റര്‍ വി.ശാസ്തപ്രസാദ്, യുവജനക്ഷേമ ബോര്‍ഡ് യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി.റ്റി.സബിത, പേരൂര്‍ രാജഗോപാലന്‍, അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്.അജയഘോഷ് എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ പ്രേരക്മാര്‍, നെഹ്റു യുവകേന്ദ്ര-യുവജനക്ഷേമ ബോര്‍ഡ് എന്നിവയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബ് അംഗങ്ങള്‍,ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍,കോളെജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: