കരുനാഗപ്പള്ളി: ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി കാശ്മീര്‍, ജമ്മു, ലഡാക്ക് പ്രവിശ്യകളില്‍ നിന്നുള്ള 200ല്‍പരം കലാകാരന്മാര്‍ അടങ്ങുന്ന നൃത്തസംഘം അമൃതപുരി കാമ്പസില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ‘ജാഷിന്‍ ഇ കാശ്മീര്‍’ എന്ന കലാ പരിപാടി അവതരിപ്പിച്ച് വിസ്മയം തീര്‍ത്തു.
അമൃതയിലെ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയും കേന്ദ്രസാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള തഞ്ചാവൂരിലെ സൗത്ത് സോണ്‍ കള്‍ച്ചറല്‍സെന്ററും സംയുക്തമായാണ് പരിപാടി അവതരിപ്പിച്ചത്.
ദക്ഷിണേന്ത്യന്‍ നൃത്തങ്ങളില്‍ നിന്നും വ്യത്യസ്തവും പുതുമയുള്ളതുമായ നൃത്തരൂപങ്ങള്‍ പരിപാടിയുടെ ഭാഗമായി കാശ്മീരി നൃത്തസംഘം അവതരിപ്പിച്ചു. ദംബാലി, ജഗര്‍ണ്ണ, ബന്ത് പാദ്ഹര്‍, ലഡാക്കി ജബ്രോ, ഗോജ്‌രി, ഗുസാനി പീതര്‍, അംഗ്രീസ് പീതര്‍, ബച് നാഗ്മ, കാശ്മീരി റൂഫ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഇനങ്ങള്‍. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഐക്യം സംരക്ഷിക്കുക, ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും ജീവിതരീതികളും അടുത്തറിയുക എന്നീ വിശാലമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ‘ജാഷിന്‍ ഇ കാശ്മീര്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളിലും കലാലയങ്ങളിലും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്നത്. ജമ്മുകാശ്മീര്‍ കള്‍ച്ചറല്‍ സെക്രട്ടറി കമ്മീഷണര്‍ ദില്‍ഷാദ് ഖാന്‍ മുഖ്യഅതിഥിയായി.
















