കരുനാഗപ്പള്ളി: വീടുകളില്‍പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്ത സാഹചര്യം നിലനില്‍ക്കുന്ന കേരളത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുണ്ടാകുന്ന കോലാഹലം കൗതുകകരമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
സ്ത്രീസമത്വം പ്രസംഗിച്ചതുകൊണ്ടോ വനിതാദിനം ആചരിച്ചതുകൊണ്ടോ കാര്യമില്ല. ഇത്തരം സാമൂഹ്യപ്രശ്‌നങ്ങള്‍ കൂടി ചര്‍ച്ച ചെയ്യപ്പെടണം. കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ സമാപനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നമ്പലമേട്ടില്‍ പൊന്നുകൊണ്ട് ക്ഷേത്രം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി സ്വര്‍ണം നല്‍കാന്‍ തയ്യാറായി പ്രവാസികളായ അയ്യപ്പ’ക്തര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആവശ്യമായ സ്ഥലം ലഭിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. അടുത്തവര്‍ഷം മുതല്‍ ബോര്‍ഡ് മികച്ച സപ്താഹാചാര്യന് പുരസ്‌കാരം നല്‍കുമെന്നും പ്രയാര്‍ പറഞ്ഞു. ഉപദേശകസമിതി പ്രസിഡന്റ് ആര്‍.പ്രസന്നന്‍, പള്ളിക്കല്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുവാക്കളുടെ കൂട്ടായ്‌മയായ സരോവരം സേവാസമിതി നിര്‍മിച്ച ജീവത ദേവസ്വം ബോര്‍ഡിന് കൈമാറി.
















