പത്തനംതിട്ട:റാന്നി വിദ്യാഭ്യാസ ഉപജില്ലയില്‍ അക്കാദമിക് കൗണ്‍സില്‍ അദ്ധ്യാപകരില്‍ നിന്നും അനധികൃതമായി പണപ്പിരിവ് നടത്തുകയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അദ്ധ്യയന വര്‍ഷം രണ്ടു തവണയായി ഒരദ്ധ്യാപകനില്‍ നിന്നും 500 അധികം രൂപയാണ് ഇവര്‍ പിരിച്ചെടുക്കുന്നത്. ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ ശേഖരിച്ച് ധൂര്‍ത്തടിക്കുന്നു. ഇതിന് യാതൊരു വിധ കണക്കുകളും ലഭ്യമല്ല. അക്കാദമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആരാണെന്ന് അദ്ധ്യാപകര്‍ക്ക് അറിയാനും കഴിയുന്നില്ല, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വെബ്സൈറ്റില്‍ കുടിയാണ് പണപ്പിരിവിന്റെ നിര്‍ദേശങ്ങള്‍ പ്രധാന അദ്ധ്യാപകരില്‍ എത്തിക്കുന്നത്. തുക അദ്ധ്യാപകര്‍ ചേര്‍ന്ന് നല്‍കും. ശാസ്ത്രമേള, യുവജനോത്സവം എന്നിവയില്‍ കുട്ടികളുടെ രജിസ്ട്രേഷന് ഫീസ് വാങ്ങുന്ന സെക്ഷന്‍ ക്ലര്‍ക്കിന് ഒപ്പമിരുന്നാണ് കൗണ്‍സില്‍ പ്രതിനിധികള്‍ പണപ്പിരിവ് നടത്തുന്നത്. നല്കുന്ന പണത്തിന് രസീതോ മറ്റു രേഖകളോ നല്‍കാറുമില്ല. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പിരിവ് സംബന്ധിച്ച അറിയിപ്പുകള് എത്തുന്ന തെങ്കിലും ഇതെക്കുറിച്ച് വിശദീകരിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍ തയ്യാറാകുന്നില്ല. വെബ് സൈറ്റിന്റെ അഡ്മിന്മാരില് ആരോ ആണ് അറിയിപ്പുകള് ഇടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ ഓഫീസര്‍ സര്‍വ്വീസ് സംഘടനകളെ ഭയക്കുന്നതായും എന്‍ടിയു ഭാരവാഹികള്‍ പറഞ്ഞു.
അഞ്ചു വര്‍ഷത്തോളമായി മറ്റെങ്ങും ഇല്ലാത്ത തരത്തില്‍ റാന്നിയില്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അദ്ധ്യാപകരെ ചൂഷണം ചെയ്യുന്നു. ഇതുചോദ്യം ചെയ്യുന്നവരെ വ്യക്തിപരമായും ഭീഷണിപ്പെടുത്തുന്നു. പണപ്പിരിവിനായി കണ്ടെത്തുന്ന മറ്റ് മാര്‍ഗ്ഗങ്ങളാണ് യാത്രയയപ്പ് സമ്മേളനങ്ങള്‍.സ്കൂള്‍ തലത്തിലും, ഉപജില്ലാ തലത്തിലും നല്കുന്ന യാത്രയപ്പുകള്ക്ക് പുറമെ കൗണ്‍സിലും ഇത് സംഘടിപ്പിക്കുന്നു. ഇതിനും അദ്ധ്യാപകര്‍ പിരിവ് നല്‍കണം. ഇത്തരത്തില്‍ ഒരുയോഗം നടത്താനായി കഴിഞ്ഞ 3ന് ഉപജില്ലയിലെ എല്‍പി, യുപി വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയത് വിവാദമായിരുന്നു. എല്ലാ അധ്യാപകരും പണവുമായി റാന്നി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ എത്താനായിരുന്നു അറിയിപ്പ്. പ്രഥമാദ്ധ്യാപക ഫോറത്തിലൂടെയാണ് കൗണ്‍സില്‍ ഈ അറിയിപ്പ് നല്‍കിയത്. ഇതിനെതിരെ എന്‍ടിയു പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരാതി നല്‍കിയതിന്റെ പേരില്‍ മാടമണ്‍ ഗവ.യുപി സ്കൂള്‍ അധ്യാപകന് ജഗദീഷ് കുമാറിനെ പ്രഥമാദ്ധ്യാപക ഫോറത്തിന്റെ ഭാരവാഹി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ റാന്നി ഉപജില്ലയിലെ അക്കാദമിക് കൗണ്‍സിലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അനധികൃതമായി പിരിച്ചെടുത്ത പണം അദ്ധ്യാപകര്‍ക്ക് തിരികെ നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്‍ടിയു ജില്ലാ വൈസ് പ്രസിഡന്റ് സനല്‍കുമാര്‍ ജി, സെക്രട്ടറി ബിനു എസ.് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: