ചെറുപുഴ: മലയോരമേഖലയില്‍ വന്‍ തീപിടുത്തം. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ വെള്ളരിക്കാത്തൊട്ടി, പെരിങ്ങോം വയക്കര പഞ്ചായത്തിലെ പുക്കല്‍, ചെറുപുഴ പഞ്ചായത്തിലെ ചൂരപ്പടവ് എന്നീ പ്രദേശങ്ങളില്‍ ഞായറാഴ്ച പകല്‍ ഒന്നോടെയുണ്ടായ തീപിടുത്തത്തില്‍ നൂറേക്കറോളം പ്രദേശം കത്തിനശിച്ചു. ചൂരപ്പടവിലുണ്ടായ തീ ആഞ്ഞുവീശിയ കാറ്റില്‍ വനാന്തരത്തിലേക്ക് പടര്‍ന്ന് പിടിച്ചതായി സംശയമുണ്ട്. കുത്തനെയുള്ള കയറ്റവും റോഡുകളുടെ ശോചനീയാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. പെരിങ്ങോം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ ശ്രമത്തെത്തുടര്‍ന്നാണ് തീ ഭാഗികമായെങ്കിലും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. റബ്ബര്‍, കശുമാവ് ഉള്‍പ്പെടെ നൂറുകണക്കിന് മരങ്ങള്‍ കത്തിനശിച്ചു. അരവഞ്ചാല്‍, ചൂരല്‍, തവിടിശേരി, കണ്ണാടിപ്പൊയില്‍, പെരിങ്ങോം തുടങ്ങിയ പ്രദേശങ്ങളിലാണ് ഇടക്കിടെ തീ പടര്‍ന്ന് പിടിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധരും മദ്യപാനികളുമാണ് ഒട്ടുമിക്ക സംഭവങ്ങള്‍ക്കും പിന്നിലെന്ന് സംശയിക്കുന്നു.
















